പാരിപ്പള്ളി: സംസ്‌കാരയുടെ പതിമൂന്നാം സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ തിരുവനന്തപുരം സൗപർണികയുടെ 'ഇതിഹാസം' മികച്ച നാടകം എന്ന പരാമർശമുൾപ്പടെ 5 അവാർഡുകൾ കരസ്ഥമാക്കി. മികച്ച രണ്ടാമത്തെ നാടകമായി ഓച്ചിറ സരിഗയുടെ 'നളിനാക്ഷന്റെ വിശേഷങ്ങളും' മൂന്നാമത്തെ നാടകമായി തിരുവനന്തപുരം ആരാധനയുടെ 'ആ രാത്രിയും' തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നാടകത്തിന് അഖിൽ ജെ. പ്രസാദ് സ്മാരക എവർറോളിംഗ് ട്രോഫിയും 15001 രൂപ ക്യാഷ് അവാർഡും ലഭിക്കും. മികച്ച രണ്ടാമത്തെ നാടകത്തിന് കൊടിമൂട്ടിൽ ശ്രീ ഭദ്രകാളീ ക്ഷേത്രയോഗം ട്രസ്റ്റ് എവർറോളിംഗ് ട്രോഫിയും 7501 രൂപ ക്യാഷ് അവാർഡും മൂന്നാമത്തെ നാടകത്തിന് സിദ്ധിബുക്‌സ് ഉടമ പാമ്പുറം പുത്തൻവീട്ടിൽ കെ. ശ്രീധരൻനായരുടെ സ്മരണയ്ക്കായി പാരിപ്പള്ളി ശബരി കോളേജ് എവർറോളിംഗ് ട്രോഫിയും 5001 രൂപ ക്യാഷ് അവാർഡും ലഭിക്കും. മികച്ച സംവിധായകനുള്ള അനൂബ് സ്മാരക അവാർഡ് (5001 രൂപ) തിരുവനന്തപുരം സൗപർണികയുടെ 'ഇതിഹാസം' സംവിധാനം ചെയ്ത അശോക് ശശിക്ക് ലഭിക്കും. ഓച്ചിറ സരിഗയുടെ 'നളിനാക്ഷന്റെ വിശേഷങ്ങൾ' സംവിധാനം ചെയ്ത രാജീവൻ മമ്മിളിയാണ് മികച്ച രണ്ടാമത്തെ സംവിധായകൻ. മികച്ച രചയിതാവിനുള്ള 2501 രൂപ ക്യാഷ് അവാർഡും കുളമട സോമാനന്ദൻസർ സ്മാരക ട്രോഫിയും ഓച്ചിറ സരിഗയുടെ 'നളിനാക്ഷന്റെ വിശേഷങ്ങൾ' എഴുതിയ ഫ്രാൻസിസ് ടി. മാവേലിക്കരയ്ക്ക് ലഭിക്കും. മികച്ച രണ്ടാമത്തെ രചനയായി അശോക് ശശിയുടെ 'ഇതിഹാസം' തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള കളീലിൽ വി. പുരുഷോത്തമൻ സ്മാരക അവാർഡ് നളിനാക്ഷന്റെ വിശേഷങ്ങൾ എന്ന നാടകത്തിൽ നളിനാക്ഷനായി അഭിനയിച്ച പ്രമോദ് വെളിയനാടിന് ലഭിക്കും. മികച്ച രണ്ടാമത്തെ നടനായി സോബി ആലപ്പുഴയും (ഇതിഹാസത്തിലെ വില്ല്യം ഷേക്‌സ്പിയർ) മികച്ച നടിയായി ഇതിഹാസത്തിലെ ആൻ എലിസബത്ത്, രാജ്ഞി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂലി ബിനുവും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടി ബിന്ദു പള്ളിച്ചൽ (നമ്മളിൽ ഓരാൾ). മികച്ച ഹാസ്യനടനായി തിരുവനന്തപുരം സ്വദേശാഭിമാനിയുടെ നമ്മളിൽ ഒരാൾ എന്ന നാടകത്തിൽ വല്ല്യണ്ണനായി അഭിനയിച്ച സരസൻ തിരഞ്ഞെടുക്കപ്പെട്ടു. ചങ്ങനാശേരി അണിയറയുടെ 'നേരറിവ്' എന്ന നാടകത്തിൽ പീലാത്തോസായി അഭിനയിച്ച കോട്ടയം രാജുവിന് സംസ്‌കാര സ്‌പെഷ്യൽ അവാർഡ് നൽകും. ഡിസംമ്പർ 15ന് വൈകിട്ട് 6ന് മലയാളത്തിന്റെ മഹാശില്പി കാനായി കുഞ്ഞിരാമൻ അവാർഡുകൾ നൽകും. സംസ്‌കാരയുടെ പതിമൂന്നാമത് സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തോടനുബന്ധിച്ച് പാലാതങ്കം, അഹമ്മദ് മുസ്ലീം, വക്കം മാധവൻ, കാഞ്ഞിപ്പുഴ ശശി എന്നീ കലാകാരൻമാർക്ക് 5000 രൂപ വീതം ഗുരുദക്ഷിണ നൽകി ആദരിച്ചു. 4 നിർദ്ധനരായ രോഗികൾക്ക് 5000 രൂപ വീതം ചികിത്സാസഹായവും 7 വിദ്യാർത്ഥികൾക്ക് 1000 രൂപ വീതം പഠനസഹായവും നൽകി. നാടകമത്സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ 8 നാടകങ്ങളെക്കുറിച്ചും പ്രേക്ഷകർ വിശദമായി ചർച്ച ചെയ്തു.
8 ദിവസങ്ങളിലായി 8 നാടകങ്ങൾ കണ്ട 112 പ്രേക്ഷകരാണ് ഗ്യാലപ് പോളിലൂടെ വിജയികളെ തിരഞ്ഞെടുത്തത്.
മികച്ച നാടകം: തിരുവനന്തപുരം സൗപർണികയുടെ 'ഇതിഹാസം'
രണ്ടാം സ്ഥാനം: ഓച്ചിറ സരിഗയുടെ 'നളിനാക്ഷന്റെ വിശേഷങ്ങൾ
മൂന്നാം സ്ഥാനം: തിരുവനന്തപുരം ആരാധനയുടെ 'ആ രാത്രി'