water
കാരിത്താസ് കോളനിയിലെ വീടുകളിലെ കുടിവെള്ള കണക്ഷൻ വിഛേദിച്ച നടപടിയിൽ പ്രതിഷേധിച് കൊല്ലൂർവിള മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നു.

ഇരവിപുരം: താന്നി കാരിത്താസ് കോളനിയിലെ അമ്പതോളം വീടുകളിലെ വാട്ടർ കണക്ഷൻ അധികൃതർ വിഛേദിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിൽ തുക അടക്കാതിരുന്നതിന്റെ പേരിലാണ് വാട്ടർ കണക്ഷൻ വിഛേദിച്ചതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ അറുപത്തി എണ്ണായിരം രൂപ വരെ ബിൽ ലഭിച്ച വീടുകളും ഇക്കൂട്ടത്തിലുണ്ട്. കോളനിയിലെ ഫിലോമിനയുടെ വീട്ടിലാണ് 67,907 രൂപയുടെ ബിൽ ലഭിച്ചത്. അസുഖബാധിതരായ മാതാവും മകനും മാത്രമാണ് ഈ വീട്ടിലുള്ളത്. വീട് വിറ്റാൽ പോലും ഇത്രയും തുക ലഭിക്കില്ലെന്നാണ് ഫിലോമിന പറയുന്നത്.

മത്സ്യതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് കോളനി. ആവശ്യത്തിന് മത്സ്യം ലഭിക്കാത്തതിനാൽ കുടുംബങ്ങൾ പട്ടിണിയിൽ കഴിയുമ്പോഴാണ് ഇരുട്ടടി പോലെ കുടിവെള്ളത്തിന്റെ കണക്ഷനും വിച്ഛേദി ച്ചിട്ടുള്ളത്.

കോൺഗ്രസ് പ്രതിഷേധം

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ചും ഉപരോധവും നടത്തി.ഡി.സി.സി.പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മഷ്കൂർ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു.

ആദിക്കാട് ഗിരീഷ്, അനൂപ് കുമാർ, മണിയംകുളം ബദറുദ്ദീൻ, അൻസാരി, ബൈജു ആലുംമൂട്ടിൽ, മണക്കാട് സലിം, സുമിത്ര, എ.കെ. അഷറഫ്, ശെൽവി, ഹംസത്ത് ബീവി, റിയാസ് റാവുത്തർ, ജോസ് താന്നി, ഷുഹാസ്, അജു ആന്റണി, അഷറഫ് ജലീൽ തുടങ്ങിയവരും കോളനി നിവാസികളും നേതൃത്വം നൽകി.

തവണകളായി ബിൽ അടയ്ക്കാം

മാർച്ചിന് ശേഷം വാട്ടർ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എൻജിനിയറുമായി നടത്തിയ ചർച്ചയിൽ വാട്ടർ ബിൽ പത്തു തവണകളായി അടയ്ക്കുവാൻ സൗകര്യം ഉണ്ടാക്കാമെന്നും വലിയ തുകകൾ വന്നവരുടെ ബില്ലുകൾ പുനഃപരിശോധിക്കാമെന്നും പ്രതിഷേധക്കാർക്ക് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.

50 ഒാളം വീടുകളിലെ വാട്ടർ കണക്ഷനാണ് അധികൃതർ വിഛേദിച്ചത്

അസുഖബാധിതരായ മാതാവും മകനും മാത്രമുള്ള കോളനിയിലെ ഫിലോമിനയുടെ വീട്ടിൽ വന്നത് 67,907 രൂപയുടെ ബിൽ