ഓച്ചിറ :ദൈവത്തിൽ ഏകത്വം ദർശിച്ചാലേ സാമൂഹിക സമത്വം സാധ്യമാവുകയുള്ളുവെന്ന് കെ. എൻ. എ ഖാദർ എം. എൽ. എ അഭിപ്രായപ്പെട്ടു. വൃശ്ചികോത്സവത്തോടു അനുബന്ധിച്ചു ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന സർവ്വമത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു ഉയർത്തിപ്പിടിക്കുന്ന സനാതന ധർമ്മം ലോകത്തിനുതന്നെ മാതൃകയാണ്. ഇതേ ആശയവും, ധർമ്മവുമാണ് ഖുർആനും, ബൈബിളുമൊക്കെ ശുപാർശ ചെയ്യുന്നത് .വ്യക്തി താല്പര്യങ്ങൾക്കുവേണ്ടി ചിലർ മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്നുണ്ട്. പക്ഷെ, മതങ്ങൾ തമ്മിലല്ല, സാർവ്വദേശീയ തലത്തിൽ മതങ്ങൾക്കുള്ളിലാണ് ഇന്ന് കലാപങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പള്ളിക്കൽ സുനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സി .ബി. സി. ഐ വൈസ് പ്രസിഡന്റ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, അഡ്വ. ഇബ്രാഹിംകുട്ടി, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള, സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, വൈസ് പ്രസിഡന്റ് ആർ. ഡി പദ്മകുമാർ, ട്രഷറർ എം. ആർ വിമൽഡാനി, കറ്റാനം ഷാജി നൗഷാസഫാസ്, ജയമോഹൻ, ഇലെമ്പടത്ത് രാധാകൃഷ്ണൻ, എസ് നന്ദകുമാർ, ചേരാവള്ളി പുഷ്പദാസൻ എന്നിവർ സംസാരിച്ചു. കെ ജ്യോതികുമാർ സ്വാഗതവും എൻ കൃഷ്ണൻനായർ നന്ദിയും പറഞ്ഞു.