കൊല്ലം: പൂയപ്പള്ളിക്ക് താളത്തിന്റെയും മേളത്തിന്റെയും നാല് പകലിരവുകൾ സമ്മാനിച്ച ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. ഏഴ് വിഭാഗങ്ങളിലായി 58 ഇനങ്ങളിൽ അവസാന ദിനമായ ഇന്ന് മത്സരം നടക്കാനിരിക്കെ കലാകിരീടത്തിനായി ചാത്തന്നൂർ, കൊല്ലം ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം തുടരുകയാണ്.
കേവലം ഏഴ് പോയിന്റിനാണ് കൊല്ലം ഉപജില്ലയേക്കാൾ ചാത്തന്നൂർ മുന്നിൽ നിൽക്കുന്നത്. മുൻ വർഷങ്ങളിലും ഇടയ്ക്ക് പിന്നിൽ പോയാലും അവസാനനിമിഷം മുന്നിലെത്തി ചാത്തന്നൂർ കിരീടം കൈപ്പിടിയിലാക്കുന്നതാണ് പതിവ്. സംസ്കൃതോത്സവത്തിൽ പതിനൊന്ന് മത്സരങ്ങൾ കൂടി പൂർത്തിയാകാനുണ്ട്. ഈ വിഭാഗത്തിൽ പതിവ് പോലെ ആധിപത്യം തുടർന്നാൽ ചാത്തന്നൂരിന് തന്നെയാകും ഇത്തവണയും കലാകിരീടം. ജനറൽ വിഭാഗത്തിൽ പൂർത്തിയാകാനുള്ള മത്സരങ്ങളിലൂടെ കൊല്ലം അട്ടിമറി മുന്നേറ്റം നടത്താനും സാദ്ധ്യതയുണ്ട്. അവസാന ദിവസം കരുനാഗപ്പള്ളിയുടെ കുതിപ്പും പ്രതീക്ഷിക്കാം.