ചവറ: ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് വീടുകയറി യുവാവിന്റെ മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളും ചവറ പന്മന കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘാംഗങ്ങളുമായ ചവറ വടുതല വാഴോലിൽ വീട്ടിൽ സജീവ് (34), ചവറ പന്മന വടുതല മഠത്തിൽ വീട്ടിൽ ജീംബുമ്പ എന്നും വിളിക്കുന്ന രഞ്ജിത്ത്(30), ചവറ പന്മന കൈതക്കാട്ട് വീട്ടിൽ ഗോവിന്ദ് ജി കുമാർ (25) എന്നിവരെ ശൂരനാട് പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ഓണത്തിന് അഴകിയ കാവ് ക്ഷേത്രത്തിനു സമീപം നടന്ന ആഘോഷത്തെ തുടർന്നുണ്ടായ സംഘർഷത്തിലെ വൈരാഗ്യമാണ് കൊലപാതകശ്രമത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ഓണാഘോഷത്തിന് മംഗലശ്ശേരിൽ അജിക്ക് മർദ്ദനമേറ്റിരുന്നു. ആ സംഭവത്തിൽ ശൂരനാട് വടക്കു സ്വദേശി സുരേഷ്‌കുമാറിന്റെ മകൻ ആദർശും ഉണ്ടായിരുന്നതിനാൽ ആദർശിനെതിരെ അജി ക്വട്ടേഷൻ ടീമിനെ സമീപിച്ചു. സംഘം രാത്രിയിൽ ആദർശിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും ആദർശ് ഇല്ലാഞ്ഞതിനാൽ അച്ഛനായ സുരേഷ് കുമാറിനെയും അമ്മയെയും വെട്ടിപ്പരിക്കേൽപിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. സംഘത്തിലെ ഏഴ് പേരെ ഇനിയും പിടികൂടാനുണ്ട്. ക്വട്ടേഷൻ സംഘത്തിന് മംഗലശ്ശേരിൽ അജി ഒരു ലക്ഷം വാഗ്ദാനം ചെയ്തതായും പൊലീസ് വെളിപ്പെടുത്തി. ശൂരനാട് എസ്. ഐമാരായ ശ്രീജിത്ത്, നിസാറുദ്ദിൻ, എ. എസ്. ഐമാരായ റഷീദ്, ജയചന്ദ്രബാബു എസ്. സി.പി.ഒമാരായ മധു സുധീന്ദ്രബാബു, സി.പി.ഒ നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടി കൂടിയത്.