photo
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സി.കേശവനും കോഴഞ്ചേരി പ്രസംഗവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സമ്മേളനം യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സി.കേശവനെപ്പോലെയുള്ള സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ പ്രവ‌ർത്തനഫലമായി സമൂഹം തിരസ്കരിച്ച ചാതുർവർണ്യ വ്യവസ്ഥിതി തിരികെ കൊണ്ടുവരാനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്നതായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സി.കേശവനും കോഴഞ്ചേരി പ്രസംഗവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാതുർവർണ്യവ്യവസ്ഥിതിയുടെ തിരിച്ചുവരവിനെതിരെ ശക്തമായ പ്രതിരോധനിര ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും എതിരെ ശക്തമായ പോരാട്ടം നടത്തിയ ധീരനേതാവായിരുന്നു സി.കേശവൻ. സഞ്ചാര സ്വാതന്ത്ര്യത്തിനും ക്ഷേത്ര പ്രവേശനത്തിനും വേണ്ടി ദിവാൻ ഭരണത്തിനെതിരെ ശക്തമായി പോരാടിയ സി.കേശവനെ രാജഭരണകൂടം ജയിലിൽ അടയ്ക്കുകയായിരുന്നു. പുറത്തുള്ള സി.കേശവനേക്കാൾ അപകടകാരിയാണ് ജയിലിൽ കിടക്കുന്ന കേശവനെന്ന് മനസ്സിലാക്കിയ ഭരണകൂടം അദ്ദേഹത്തെ ജയിൽ മോചിതനാക്കിയതും ചരിത്രത്തിന്റെ ഭാഗമാണ്. സി.കേശവനെപ്പോലുള്ള ധീര വിപ്ലവകാരികളുടെ പാത പിൻതുടരാൻ ഇന്നത്തെ തലമുറ മുന്നോട്ടുവരണമെന്ന് സോമരാജൻ ആവശ്യപ്പെട്ടു. സമ്മേളനത്തിൽ യൂണിയൻ കൗൺസിലർ എസ്.സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യോഗം ബോർഡ് മെമ്പർ കെ.ജെ.പ്രസേനൻ, യൂണിയൻ കൗൺസിലർ എല്ലയ്യത്ത് ചന്ദ്രൻ, പ്രേമചന്ദ്രൻ, വനിതാ സംഘം നേതാക്കളായ മണിയമ്മ, മധുകുമാരി,ശാഖാ ഭാരവാഹികളായ ഗോപാലകൃഷ്ണൻ, ആർ.ബിനു, അജിത് കുമാർ, ഡോ.രാജൻ, ത്യാഗരാജൻ, മഹേശ്വര പണിക്കർ, രാജപ്പൻ, അനിൽകുമാർ, അഡ്വ.സുഭാഷ് ബാബു, അനിൽകുമാർ, എസ്.സതീഷ്, ജി.സന്തോഷ് കുമാർ, കരുണാകരൻ, രാജീവൻ രഘുനാഥൻ, തുടങ്ങിയവർ പ്രസംഗിച്ചു.