look-out
തകർച്ചയിലായ ഒറ്റക്കൽ ലുക്കൗട്ട് പവലിയന്റെ മൂന്നാമത്തെ നിലയുടെ കൈവരിയിൽ കയറി ഇരുന്ന് കല്ലടയാറും തടയണയും വീക്ഷിക്കുന്ന യുവാക്കൾ

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തെ ഒറ്റക്കല്ലിൽ കല്ലട ഇറിഗേഷൻ പണികഴിപ്പിച്ച ലുക്കൗട്ട് പവലിയന്റെ നവീകരണം അന്തമായി നീളുന്നതിൽ പ്രതിഷേധം ശക്തം. കാലപ്പഴക്കത്താൽ അപകടഭീഷണി നേരിടുന്ന പവലിയൻ 25 ലക്ഷം രൂപ ചെലവിൽ നവീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതാണ് ജലരേഖയായി മാറിയത്.

കഴിഞ്ഞ എട്ട് വർഷമായി പവലിയനോടുള്ള അവഗണന തുടരുകയാണ്. വിദേശ സഞ്ചാരികൾ ഉൾപ്പടെ നൂറുകണക്കിനുപേരാണ് ദിവസവും ഇവിടെ എത്തുന്നത്. തെന്മല ഇക്കോ ടൂറിസം, പരപ്പാർ അണക്കെട്ട്, പാലരുവി വെളളച്ചാട്ടം തുടങ്ങിയവ സന്ദർശിക്കാൻ എത്തുന്നവർ ആദ്യം പവലിയനിലാണ് കയറുന്നത്. ഇവരാണ് പവലിയന്റെ ശോച്യാവസ്ഥ കാരണം അപകട ഭീഷണിയിലായത്.

ചുറ്റും സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് കൈവരികൾ അടർന്ന് പോയിട്ട് വർഷം എട്ട് പിന്നിട്ടു. മൂന്നാമത്തെ നിലയിൽ എത്തിയാൽ മാത്രമേ കാഴ്ചകൾ നന്നായി ആസ്വദിക്കാൻ സാധിക്കൂ. എന്നാൽ കൈവരികൾ ഇല്ലാത്തതിനാൽ ജീവൻ പണയംവച്ചാണ് സഞ്ചാരികൾ ഇവിടേക്ക് കയറുന്നത്. ഇത് കണക്കിലെടുത്ത് കെ.ഐ.പിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പവലിയൻ നവീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി എട്ട് മാസങ്ങൾക്ക് മുമ്പ് ഇവിടെയത്തി പരിശോധനകളും നടത്തി. എന്നാൽ തുടർ നടപടികൾ ഇതോടെ അവസാനിച്ചതാണ് തിരിച്ചടിയാകുന്നത്.

സുരക്ഷാ ജീവനക്കാരും ഇല്ല

കാഴ്ചകാണാൻ എത്തുന്ന യുവാക്കളിൽ ചിലർ കൈവരികൾ തകർന്ന കോൺക്രീറ്റ് സ്ളാബുകൾക്ക് മുകളിൽ കയറിയിരുന്ന് കാഴ്ചകൾ കാണുന്നത് പതിവാണ്. ചിലപ്പോൾ വലിയ അപകടത്തിലേക്കാകും ഇത് വഴിതെളിക്കുന്നത്. ഒന്ന് കാൽ വഴുതിയാൽ 250 താഴ്ചയിലൂടെ ഒഴുകുന്ന കല്ലടയാറ്റിലേക്കും പതിക്കുക. തെരുവ് നായ്ക്കളുടെയും മദ്യപാനികളുടെയും ശല്യം വർദ്ധിച്ചതും സഞ്ചാരികൾക്ക് ഭീഷണിയാണ്. ഇത് തടയുന്നതിനായി സുരക്ഷാ ജീവനക്കാരെ നിയമിക്കാനും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

നുകരാം ലുക്കൗട്ട് തടയണയുടെ സൗന്ദര്യം.
തെന്മലയിൽ എത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ദേശീയപാതയോരത്ത് ലുക്കൗട്ട് പവലിയൻ നിർമ്മിച്ചത്. ഇതിന്റെ മുകളിൽ നിന്നാൽ സമീപത്ത് 250 അടിയോളം താഴ്ചയിലൂടെ ഒഴുകുന്ന കല്ലടയാറും ഒറ്റക്കൽ ലുക്കൗട്ട് തടയണയും കാനന ഭംഗിയും ആസ്വദിക്കാൻ സാധിക്കും. ഇത് കണക്കിലെടുത്ത് തെന്മല പരപ്പാർ അണക്കെട്ടിന്റെ നിർമ്മാണത്തിനൊപ്പം മൂന്ന് നിലയിലായി ഗോപുര മാതൃകയിൽ മനോഹരമായ പവലിയൻ നിർമ്മിച്ചത്.

തകർച്ചയുടെ 8 വർഷങ്ങൾ

നവീകരണത്തിന് അനുവദിച്ചത്: 25 ലക്ഷം

ലുക്കൗട്ട് പവലിയൻ....

നിർമ്മിച്ചത് കല്ലട ഇറിഗേഷൻ

പ്രവേശനം സൗജന്യം

എത്തുന്നത് നൂറുകണക്കിന് സഞ്ചാരികൾ

സുരക്ഷയ്ക്കുള്ള കൈവരികൾ തകർന്നു

തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷം

വേണം ഇവയൊക്കെ....

കൈവരികൾ നി‌ർമ്മിക്കണം

സുരക്ഷാ ജീവനക്കാരെ നിയമിക്കണം

കുടിവെള്ളം

ശൗചാലയങ്ങൾ

വാഹനപാർക്കിംഗിന് കൂടുതൽ സ്ഥലം