c
പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന് മുന്നോടിയായി നടത്തിയ ഘോഷയാത്ര എം. മുകേഷ് എം.എൽ.എ ഫ്ളാഗ് ഒാഫ് ചെയ്യുന്നു

കൊല്ലം: അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പിൽ ഇന്ന് ചുണ്ടൻ വള്ളങ്ങൾ ആവേശത്തുഴയെറിയും. അഷ്ടമുടിയുടെ ജലരാജാക്കന്മാർ ആരൊക്കെയെന്ന് ഇന്നറിയാം. ചാമ്പ്യൻസ് ബോട്ട് ലീഗുമായി സമന്വയിപ്പിച്ച് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ മത്സരിക്കുന്നത്. ലീഗിൽ മത്സരിക്കുന്ന വെപ്പ്, ഇരുട്ടുകുത്തി, തെക്കനോടി എന്നിവയ്ക്ക് പോയിന്റുകളുടെ അടിസ്ഥാനത്തിൽ ചാമ്പ്യൻസ് ലീഗ് ട്രോഫി സമ്മാനിക്കും. മറ്റ് ചുണ്ടൻ വള്ളങ്ങളെ പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തിൽ പങ്കെടുപ്പിക്കില്ല.

വെപ്പ് എ ഗ്രേഡ്, ഇരുട്ട്കുത്തി എ ഗ്രേഡ് എന്നിവ പരമാവധി ആറെണ്ണം വീതവും തെക്കനോടി (വനിത) പരമാവധി മൂന്ന് വള്ളങ്ങളും പങ്കെടുക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ചടങ്ങുകൾ ആരംഭിക്കും.

ഫിനിഷിംഗ് പോയിന്റായ കെ. എസ്. ആർ. ടി. സി ബോട്ട് ജെട്ടിയിൽ മന്ത്രി ടി.എം തോമസ് ഐസക് ജലോത്സവം ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.തേവള്ളി പാലത്തിന് സമീപത്തുനിന്നാണ് മത്സരം ആരംഭിക്കുന്നത്.

ജലോത്സവത്തോടെ അഷ്ടമുടി മാസ്റ്റർ പ്ലാൻ യാഥാർത്ഥ്യമാക്കി കായൽ ടൂറിസത്തിന്റെ മികച്ച കേന്ദ്രമായി അഷ്ടമുടിക്കായലിനെ മാറ്റാനാകുമെന്ന് സി.രാധാമണി പറഞ്ഞു.

സംഘാടകസമിതി ഭാരവാഹികളായ എം.മുകേഷ് എം.എൽ.എ, കളക്ടർ ബി.അബ്ദുൾ നാസർ, ഡി.ടി.പി.സി സെക്രട്ടറി സന്തോഷ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.