c
ഫാത്തിമയുടെ മരണം: പിതാവ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കും

കൊല്ലം: മദ്റാസ് ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമയുടെ മരണത്തിനു പിന്നിലെ ദുരൂഹതകൾ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവ് അബ്ദുൽ ലത്തീഫ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. കൊല്ലം മേയറെയും തന്റെ മകൾ അയിഷയെയും അവഹേളിച്ച ചെന്നൈ കോട്ടൂർപുര പൊലീസിനെതിരെ നടപടിയെടുക്കുക, മദ്റാസ് ഐ.ഐ.ടിയിൽ നടന്ന വിദ്യാർത്ഥി ആത്മഹത്യകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഹർജികൾ നൽകുമെന്ന് അബ്ദുൽ ലത്തീഫ് പറഞ്ഞു. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ചെന്നൈ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ട്. മകളെ മരണത്തിലേക്ക് തള്ളിവിട്ട അദ്ധ്യാപകരെക്കുറിച്ച് അന്വേഷണം നടത്താൻ ഐ.ഐ.ടി അധികൃതർ തയാറാകാത്തതിൽ ദുരൂഹതയുണ്ടെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ മുനീർ എം.എൽ.എ എന്നിവർ ഇന്നലെ ഫാത്തിമയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഫാത്തിമയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എം.എ ബേബി ആവശ്യപ്പെട്ടു.