കൊല്ലം: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ സി.ഐ.ടി.യു ജില്ലാകമ്മിറ്റി തീരുമാനിച്ചു. 28 ന് ജില്ലയിലെ 25 കേന്ദ്രങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മുന്നിലാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഏത് സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റിലും സമ്പദ്ഘടനയെ ഉലയാതെ താങ്ങിനിറുത്തിയ പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് പെട്രോളിയംകോർപ്പറേഷൻ (ബി.പി.സി.എൽ), നവരത്ന കമ്പനികളായ ഷിപ്പിംഗ് കോർപ്പേറഷൻ ഓഫ് ഇന്ത്യ (എസ്.സി.ഐ), കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (കോൺകോർ) എന്നീ സ്ഥാപനങ്ങളാണ് ഏറ്റവും ഒടുവിൽ വില്പനയ്ക്ക് വച്ചത്. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്വകാര്യവത്ക്കരണത്തിലൂടെ ഒരു ലക്ഷത്തി അയ്യായിരംകോടി രൂപ സമാഹരിക്കുകയാണ് മോദി സർക്കാരിന്റെ ലക്ഷ്യം. ബി.പി.സി.എൽ സ്വകാര്യവത്ക്കരണ തീരുമാനം കേരളത്തിനും വൻതിരിച്ചടിയാണ്. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ പെട്രോകെമിക്കൽ ഫാക്ടറിയും സ്വകാര്യവത്ക്കരണത്തോടെ അനിശ്ചിതത്വത്തിലാകും. കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ സർക്കാർ മാത്രമാണ് പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ച് മുന്നോട്ട് പോകുന്നത്. എല്ലാ ജനാധിപത്യ വിശ്വാസികളും, തൊഴിലാളികളും, ബഹുജനങ്ങളും പങ്കെടുക്കണമെന്ന് സി.ഐ.റ്റി.യു ജില്ലാകമ്മിറ്റി അഭ്യർത്ഥിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ് അദ്ധ്യക്ഷനായി. സി.ഐ.റ്റി.യു സംസ്ഥാന വൈസ് പ്രസിഡന്റ് നെടുവത്തൂർ സുന്ദരേശൻ, ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ എന്നിവർ സംസാരിച്ചു.