കുന്നത്തൂർ: മൈനാഗപ്പള്ളി, തേവലക്കര ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കല്ലുകടവ് - തോപ്പിൽമുക്ക് റോഡ് തകർന്ന് തരിപ്പണമായി. നാല് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരിക്കാനാണെന്ന പേരിൽ കുളം തോണ്ടിയതുമാത്രമാണ് ഇതുവരെയുണ്ടായ പുരോഗതി. വർഷങ്ങളായി തകർന്നു കിടന്ന റോഡിന്റെ പുനർ നിർമ്മാണത്തിനായി കരാറെടുത്തവർ മാസങ്ങളായി റോഡ് ഇളക്കിയും കുഴിച്ചും ഇട്ടിരിക്കുന്നതിനാൽ ഇതു വഴി കാൽനടയാത്ര പോലും ദുഷ്ക്കരമാണെന്ന് നാട്ടുകാർ പറയുന്നു.
പുനർനിർമ്മാണത്തിന്റെ ഭാഗമായി എടുത്ത കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്ര, കാൽനട യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ച്ചയാണ്. മഴക്കാലമല്ലെങ്കിൽ അതിരൂക്ഷമായ പൊടിശല്യമാണ് നാട്ടുകാർ അനുഭവിക്കുന്നത്. റോഡിന്റെ തുടക്കം മുതൽ അവസാനം വരെ ഇതാണ് അവസ്ഥ. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ വീടിനു മുമ്പിലെ റോഡിലും വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡ് ഉഴുത് മറിച്ച് ഇട്ടിരിക്കുന്നതിനാൽ അസുഖ ബാധിതരെ കൃത്യസമയത്ത് ആശുപത്രികളിൽ എത്തിക്കാൻ പോലും കഴിയാറില്ല. നിരവധി തവണ നാട്ടുകാർ റോഡിന്റെ ദുരവസ്ഥ അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. നിർമ്മാണം പൂർത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കാൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.
അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ നാട്ടുകാരെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും
ഉല്ലാസ് കോവൂർ, ആർ.വൈ.എഫ് കേന്ദ്ര കമ്മിറ്റിയംഗം
റോഡിന്റെ ദൈർഘ്യം : 4 കിലോമീറ്റർ
ആശ്രയം: 2 പഞ്ചായത്തുകൾക്ക്
ബസ് സർവീസ് നിറുത്തി
തേവലക്കര ഹൈസ്കൂൾ, പ്രശസ്തമായ മണ്ണൂർക്കാവ് ഭഗവതീ ക്ഷേത്രം തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് ഈ റൂട്ടിലാണ്. സ്വകാര്യ, ട്രാൻസ്പോർട്ട് ബസുകൾ റോഡിന്റെ തകർച്ച മൂലം സർവീസ് നിറുത്തിയതും പ്രദേശവാസികൾക്ക് ഇരുട്ടടിയായി. തേവലക്കര ഹൈസ്ക്കൂളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും കാൽനടയായി സഞ്ചരിക്കേണ്ട ഗതികേടിലാണിപ്പോൾ. ചവറ റോഡിൽ തോപ്പിൽമുക്കിലോ, കരുനാഗപ്പള്ളി റോഡിൽ കല്ലുകടവിലോ ഇറങ്ങി കിലോമീറ്ററുകൾ നടക്കേണ്ടതുണ്ട്. റോഡിന്റെ തകർച്ച മൂലം ഈ ജംഗ്ഷനുകളിൽ നിന്ന് ഓട്ടോറിക്ഷകൾ പോലും ഓട്ടം പോകാറില്ല.