c
പെരുമൺ ജങ്കാർ


 ടെണ്ടർ തുറക്കുന്നത് ഇന്ന്, പ്രതീക്ഷയോടെ പനയം, മൺറോത്തുരുത്ത് നിവാസികൾ

അഞ്ചാലുംമൂട് : കഴിഞ്ഞ രണ്ടുതവണയും നടക്കാതെ പോയ പെരുമൺ - പേഴുംതുരുത്ത് പാലത്തിന്റെ ടെണ്ടർ നടപടികൾ ഇന്ന് വീണ്ടും ആരംഭിക്കും. ആദ്യ ടെണ്ടർ വിളിച്ചപ്പോൾ ഒരുകമ്പനി മാത്രമായിരുന്നു പങ്കെടുത്തത്. അതുകൊണ്ടാണ് മത്സരസ്വഭാവമില്ലെന്ന കാരണത്താൽ വീണ്ടും ടെണ്ടർ വിളിക്കുന്നത്. ജൂൺ പത്തിന് നടന്ന ആദ്യ ടെണ്ടർ നടപടികൾക്ക് ശേഷം ആഗസ്റ്റ് 27 ന് വീണ്ടും ടെണ്ടർ വിളിച്ചു. അതിൽ രണ്ട് കമ്പനികൾ ടെണ്ടർ സമർപ്പിച്ചെങ്കിലും ബാങ്ക് ഗാരന്റി ഉൾപ്പെടെയുള്ള സാങ്കേതിക കാരണങ്ങളാൽ വീണ്ടും ടെണ്ടർ മുടങ്ങി. ഇപ്പോഴും രണ്ടു കമ്പനികൾ മാത്രമാണ് ടെണ്ടർ നൽകിയിട്ടുള്ളത്. ഊരാളുങ്കൽ, ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനികളാണ് ടെണ്ടർ നൽകിയിരിക്കുന്നത്. പാലത്തിന്റെ രൂപരേഖയിലുള്ള പ്രത്യേകത മൂലമാണ് കൂടുതൽ കമ്പനികൾ ടെണ്ടറിൽ പങ്കെടുക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.

പനയം, മൺറോത്തുരുത്ത് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നിർമ്മാണത്തിനും അപ്പ്രോച്ച് റോഡിന് സ്ഥലം വിട്ടുകൊടുക്കുന്നതിനും കാര്യമായ എതിർപ്പുകളൊന്നും നാട്ടുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലെന്നതും ശ്രദ്ധേയമായിരുന്നു. മൺറോതുരുത്തിലെ കണ്ണങ്കാട് പാലം കൂടി പൂർത്തിയാകുന്നതോടെ ബൈപ്പാസിൽ നിന്ന് ഭരണിക്കാവ്, ശാസ്‌താംകോട്ട, ചെങ്ങന്നൂർ ഭാഗങ്ങളിലേക്കുള്ള യാത്രയിൽ കിലോമീറ്ററുകളുടെ ലാഭമുണ്ടാകും.

ആദ്യ ടെണ്ടർ: ജൂൺ 10

രണ്ടാംടെണ്ടർ : ആഗസ്റ്റ് 27

മൂന്നാ ടെണ്ടർ: ഇന്ന്

നിലവിൽ ടെണ്ടർ നൽകിയിരിക്കുന്നത്

ഊരാളുങ്കൽ കൺസ്ട്രക്ഷൻ കമ്പനി

ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി

പാലത്തിന്റെ രൂപരേഖയിലുള്ള പ്രത്യേകത മൂലമാണ് കൂടുതൽ കമ്പനികൾ ടെണ്ടറിൽ പങ്കെടുക്കാത്തത്

അധികൃതർ

കിഫ്‌ബി ഫണ്ടിൽ നിന്ന് നിർമ്മാണ പ്രവർത്തങ്ങൾക്ക് വകയിരുത്തിയത്: 41.22 കോടിരൂപ അടങ്കൽ തുക: 35.45 കോടി രൂപ

434 മീറ്റർ നീളവും 11 സ്പാനുകളുമുള്ള പാലത്തിന് മദ്ധ്യഭാഗത്ത് സ്പാനുകൾ തമ്മിൽ 70 മീറ്ററും കരയോട് ചേർന്നുള്ള ഭാഗത്ത് 30 മീറ്ററുമാണ് അകലം.

രൂപരേഖയുടെ പ്രത്യേകത

പുനലൂർ തൂക്കുപാലത്തിന്റെ മാതൃകയിൽ പാലത്തിന്റെ തൂണുകൾ തമ്മിൽ സൈലോൺ കേബിളുകൾ കൊണ്ട് ബന്ധിപ്പിക്കും. അകലം കൂടിയ സ്പാനുകൾ തമ്മിൽ ബന്ധിപ്പിക്കാനുള്ള യന്ത്രസാമഗ്രികൾ കേരളത്തിലെ മിക്ക കരാറുകാർക്കും ഇല്ലാത്തതും സൈലോൺ സ്റ്റേ കേബിൾ ജോലികൾ കേരളത്തിൽ പ്രചാരത്തിലില്ലാത്തതും കരാറുകാരെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചു. ടൂറിസം സാദ്ധ്യത മുന്നിൽക്കണ്ടും തൊട്ടടുത്തുള്ള റെയിൽവേ പാലത്തിലൂടെ യാത്രചെയ്യുന്നവരെ ആകർഷിക്കാനുമായി എം. മുകേഷ് എം.എൽ.എ മുൻകൈയെടുത്താണ് ഇത്തരത്തിൽ രൂപരേഖ തയ്യാറാക്കിയത്.

വി.എസ്. അച്യുതാനന്ദൻ

അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് പെരുമൺ പാലത്തിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തറക്കല്ലിടൽ കർമ്മം നടത്തുകയും ചെയ്തു. തുടർന്ന് വന്ന യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പദ്ധതി കടലാസിലൊതുങ്ങുകയായിരുന്നു.