photo
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ തീപിടിത്തവും രക്ഷാപ്രവർത്തനവും വ്യക്തമാക്കിയ മോക്ഡ്രില്ലിലെ ഒരു ഘട്ടം

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വകുപ്പിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച മോക്ഡ്രിൽ കാഴ്ചക്കാരെ അമ്പരപ്പിച്ചു. ആശുപത്രിയിൽ പെട്ടെന്നുണ്ടായ തീപിടിത്തവും അതിന്റെ രക്ഷാപ്രവർത്തനങ്ങളുമാണ് അവതരിപ്പിച്ചത്. രോഗികളും കൂട്ടിരിപ്പുകാരും മറ്റ് വിവിധ ആവശ്യങ്ങൾക്കായി എത്തിയവരുമടക്കം തീ പിടിത്തത്തിൽ പരിഭ്രമിച്ചു. ഏറെ വൈകിയാണ് മോക്ഡ്രില്ലാണെന്ന് വ്യക്തമായത്.

ആശുപത്രിയിൽ തീപിടിത്തം ഉണ്ടായാൽ എങ്ങനെ നേരിടാം എന്നതു സംബന്ധിച്ച ബോധവത്ക്കരണമായിരുന്നു പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. ഫയർഫോഴ്സ് കൊട്ടാരക്കര സ്റ്റേഷൻ ഓഫീസർ ടി. ശിവകുമാറിന്റെ നേതൃത്വത്തിലാണ് മോക്ഡ്രിൽ അവതരിപ്പിച്ചത്. അത്യാഹിതം സംഭവിച്ചാൽ അതിനെ എങ്ങനെ ഒരുമയോടെ നേരിടാമെന്ന ബോധവൽക്കരണം ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും നൽകാൻ കഴിഞ്ഞുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആർ. സുനിൽ കുമാർ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കെ.എസ്.ഇ.ബി, ജല വിഭവവകുപ്പ്, കൊട്ടാരക്കര നഗരസഭ എന്നിവരുടെ സഹകരണവും പരിപാടിയിലുണ്ടായിരുന്നു. നഗരസഭാ ചെയർപേഴ്സൺ ബി. ശ്യാമളഅമ്മ, വൈസ് ചെയർമാൻ ഡി. രാമകൃഷ്ണപിള്ള, പൊലീസ് ഇൻസ്‌പെക്ടർ ടി. ബിനുകുമാർ, അഗ്നി സുരക്ഷ സേന അംഗങ്ങൾ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.