navas
നെൽപ്പാടം നികത്താനിറക്കിയ മണ്ണ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു

ശാസ്താംകോട്ട: അനധികൃതമായി നിലം നികത്താനുള്ള നീക്കം വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. മൈനാഗപ്പള്ളി ചെമ്പിനാൽ ഏലയുടെ ഭാഗമായ ഏലായുടെ നീക്കമാണ് വില്ലേജ് ഓഫീസറുടെയും കൃഷി ഓഫീസറുടെയും നേതൃത്വത്തിൽ തടഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് വയൽ നികത്താനുള്ള ശ്രമം നടന്നത്. പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയതോടെ വില്ലേജ് ഓഫീസർ ജെ. സലിം, കൃഷി ഓഫീസർ സ്മിത എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുകയും ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നിക്ഷേപിച്ച മണ്ണ് മുഴുവൻ തിരികെ എടുപ്പിച്ച് അത് വില്ലേജ് ഓഫീസ് കോമ്പൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. പിടിച്ചെടുത്ത മണ്ണ് ലേല നടപടിക്ക് വിധേയമാക്കുമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു.