അഞ്ചാലുംമൂട് : നീരാവിൽ പനമൂട് ഭദ്രകാളീക്ഷേത്രത്തിൽ എട്ടാം ദേവീഭാഗവത നവാഹ ജ്ഞാന യഞ്ജത്തിന് ഇന്ന് തുടക്കമാകും. ജ്ഞാന യഞ്ജത്തിന്റെ ഭാഗമായുള്ള വിഗ്രഹഘോഷയാത്ര ഇന്നലെ വൈകിട്ട് കടവൂർ മഹാദേവർ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് പനമൂട് ക്ഷേത്രത്തിൽ സമാപിച്ചു. ക്ഷേത്രം തന്ത്രി പട്ടത്താനം തടത്തിൽ മഠം ചന്ദ്രശേഖരൻ ദേവീ വിഗ്രഹപ്രതിഷ്ഠ നടത്തി. ഗുരുവായൂർ അഖില ഭാരത ശ്രീമദ് ഭാഗവത സത്രസമിതി ഉപാദ്ധ്യക്ഷൻ എസ്. നാരായണസ്വാമി മുഖ്യാതിഥിയായിരുന്നു. തുടർന്ന് ആചാര്യവരണം, ആത്മീയപ്രഭാഷണം എന്നിവയും നടന്നു. ഇന്ന് രാവിലെ 7. 30 ന് ദേവീഭാഗവത പാരായണം, 9 ന് ഗായത്രീഹോമം, നവാക്ഷരീ ഹോമം, 10 .30 ന് ഭാരതീയ മാതൃസങ്കൽപ്പം എന്ന വിഷയത്തിൽ ഡോ. എം.എം. ബഷീർ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, വൈകിട്ട് 5ന് കുമാരീപൂജ, രാത്രി 8 .30 ന് മംഗളാരതി എന്നിവ നടത്തും.