ഓച്ചിറ: വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപചയമാണ് ആധുനിക സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് ഇ. എസ്. ബിജിമോൾ എം. എൽ. എ അഭിപ്രായപ്പെട്ടു വൃശ്ചികോത്സവത്തോട് അനുബന്ധിച്ചു ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വിദ്യാഭ്യാസ സമ്പ്രദായത്തിലെ അടിസ്ഥാന പിഴവുകൾ കണ്ടെത്തുവാനും അത് ദുരീകരിക്കുവാനും കാര്യക്ഷമമായ നടപടികൾ വേണം. ലോകത്തെ കമ്പോളമായി കാണാനാണ് അത്യാധുനിക വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളെ പഠിപ്പിക്കുന്നത്. മണ്ണിന്റെയോ, മനുഷ്യന്റെയോ അടിസ്ഥാനപരമായ നിലനിൽപ്പിന് മൂല്യം കൽപ്പിക്കുന്നില്ല. മികച്ച അറിവും, അവസരങ്ങളും നേടുക എന്നതിന് അപ്പുറം ശ്രേഷ്ഠമായ സംസ്കാരത്തെ രൂപപ്പെടുത്തിയെടുക്കുന്നതിനും വിദ്യാഭ്യാസ മേഖല ഊന്നൽ നൽകേണ്ടിയിരിക്കുന്നു. കാർഷിക മേഖല വിഷവിമുക്തമാക്കണമെന്നാണ് സർക്കാരുകൾ ഇന്ന് കർഷകരോട് ആവശ്യപ്പെടുന്നത്. എന്നാൽ രാജ്യത്തെ ഒരു കർഷകനും രാസവളങ്ങളോ, കീടനാശിനികളോ ഉൽപ്പാദിക്കുന്നില്ല. വൻകിട കുത്തകകളും അവരുടെ കമ്പോളങ്ങളുമാണ് കർഷകരെ രാസവളങ്ങൾ ഉപയോഗിക്കുവാൻ പ്രേരിപ്പിച്ചത്. ദീർഘവീക്ഷണമില്ലാത്ത വിദ്യാഭ്യാസമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണം .നാനൂറ്റിഎൻപത്തിയഞ്ചുപേജുള്ള പുതിയ ഒരു വിദ്യാഭ്യാസ നായരൂപരേഖ സർക്കാർ തയ്യാറാക്കിവരികയാണ്. ക്ലാസ്സ്‌മുറിയിൽ വിദ്യാർത്ഥിനി പാമ്പ്‌കടിയേറ്റ് മരിച്ച സംഭവം അത്യന്തം വേദനാജനകമാണ് എന്നാൽ ഇതേക്കുറിച്ചു അനാരോഗ്യകരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ആശ്വാസകരമല്ലെന്നും ബിജിമോൾ പറഞ്ഞു.
യു. ഡി. എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം ചെയർമാൻ കെ. സി രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി. ആർ ജയപ്രകാശ്, എൻ. സുകുമാരപിള്ള, അഡ്വക്കേറ്റ് എ. അജികുമാർ, പ്രൊഫ. ശ്രീധരൻപിള്ള, കളരിക്കൽ ജയപ്രകാശ്, ആർ. ഡി പദ്മകുമാർ, എം. ആർ വിമൽഡാനി, കെ. കെ സുനിൽകുമാർ, ജയമോഹൻ, ജ്യോതികുമാർ, പുഷ്പദാസൻചേരാവള്ളി, എം. വി ശ്യാം, പി. എൻ ജനാർദ്ദനകുറുപ്പ് എന്നിവർ സംസാരിച്ചു എലമ്പടത്തു രാധാകൃഷ്ണൻ സ്വാഗതവും രാജീവ്‌കറ്റാനം നന്ദിയും പറഞ്ഞു