കൊല്ലം: നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബർ 10ന് നടക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ കെ.കെ. ഗോപാലകൃഷ്ണൻ നായർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിനകത്തും പുറത്തും നിന്നായി ലക്ഷക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കും. പൊങ്കാലനാളിൽ പുലർച്ചെ 4ന് ഗണപതി ഹോമവും നിർമ്മാല്യ ദർശനവും 8.30ന് വിളിച്ചു ചൊല്ലി പ്രാർത്ഥനയും നടക്കും.
9ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ആദ്ധ്യാത്മിക സംഗമം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പൊങ്കാല ഉദ്ഘാടനം ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ നിർവഹിക്കും. തുടർന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് മുഖ്യകാര്യദർശി അടുപ്പിലേക്ക് അഗ്നി പകരും.
വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. യു.എൻ വിദഗ്ദ്ധ സമിതി ചെയർമാൻ ഡോ.സി.വി. ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും. പൊങ്കാലയോടനുബന്ധിച്ച് ആയിരത്തിലധികം ക്ഷേത്ര വോളണ്ടിയർമാരുടെയും പൊലീസ്, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ സേവനവും ലഭ്യമാക്കും. ഉത്സവ കമ്മിറ്റി പ്രസിഡന്റ് കെ. സതീശ് കുമാർ, രമേശ് ഇളമൺ നമ്പൂതിരി, പി.ആർ.ഒ സുരേഷ് കാവുംഭാഗം, കുതിരച്ചിറ രാജശേഖരൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.