c
ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോ.സമ്മേളനം

കൊല്ലം: ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഒഫ് കേരള (സി.ഐ.ടി.യു) 43-ാം സംസ്ഥാന സമ്മേളനം 25, 26 തീയതികളിൽ പത്തനാപുരം വി.രാരുക്കുട്ടി നഗറിൽ (മംഗല്യ ഹാൾ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 25ന് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ എന്നിവർ പങ്കെടുക്കും. ഇന്ത്യൻ ഇലക്‌ട്രിസിറ്റി നിയമവും കേരളാ ലൈസൻസിംഗ് ബോർഡ് നിയമവും അനുശാസിക്കുന്നത് ഇലക്ട്രിക്ക് സംബന്ധമായ ജോലികൾ ഏറ്റെടുത്ത് ചെയ്യേണ്ടത് ലൈസൻസുള്ള അംഗീകൃത തൊഴിലാളികളാണെന്നാണ്. എന്നാൽ വ്യാജ വയറിംഗ് തൊഴിലാളികളുടെ കടന്നുകയറ്റം മൂലം അംഗീകൃത തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് അസോ. ഭാരവാഹികൾ പറഞ്ഞു. മതിയായ പരിജ്ഞാനമില്ലാത്ത ആളുകൾ പണിയെടുക്കുന്നതുമൂലം ഉൗർജ്ജ ശോഷണം, വൈദ്യുതി അപകടങ്ങൾ എന്നിവ ഉയരുന്നതായും അവർ ആരോപിച്ചു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം രാജൻ റാവുത്തർ, ജില്ലാ സെക്രട്ടറി എസ്.സോമൻ പിള്ള, സ്വാഗത സംഘം ജനറൽ കൺവീനർ എ.സുരേഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.