c
കാട്ടിൽമേക്കതിൽ നാളെ എതിരേൽപ്പ്പാട്ട്

പൊന്മന: കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിൽ വൃശ്ചിക ഉത്സവം പ്രമാണിച്ചുള്ള തോറ്റം പാട്ടിലെ പ്രധാന ചടങ്ങായ എതിരേൽപ്പുപാട്ട് നാളെ നടക്കും. പൊന്മന കളങ്ങര മഹാദേവക്ഷേത്രത്തിൽ നിന്ന് ബാലികാ ബാലന്മാരുൾപ്പെടെ ആയിരക്കണക്കിന് ഭക്തജനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര കന്നിട്ടക്കടവ്, കൊട്ടാരത്തിൻ കടവ് വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. എതിരേൽപ്പ് പാട്ടിനോടനുബന്ധിച്ച് കന്നിട്ടക്കടവ് മുതൽ കൊട്ടാരത്തിൻകടവ് വരെയും കളങ്ങര ക്ഷേത്രം മുതൽ കന്നിട്ടക്കടവ് വരെയും ദീപാലങ്കാരം ഒരുക്കും. കായൽപ്പൂരം, കായൽ വിളക്ക്, എന്നിവയും ഉണ്ടായിരിക്കും. ഭജനക്കുടിലുകളിൽ നിന്നുള്ള ഭക്തർക്ക് പുറമേ ആയിരക്കണക്കിന് ആളുകൾ താലപ്പൊലിയിൽ പങ്കെടുക്കും. ശ്രീകാര്യം സുരേഷ് രാമചന്ദ്രനും സംഘവുമാണ് തോറ്റംപാട്ട് ആലപിക്കുന്നത്.
ക്ഷേത്രത്തിലെ തിരക്ക് കണക്കിലെടുത്ത് കൊട്ടാരത്തിൻകടവ്, കന്നിട്ടക്കടവ് എന്നിവിടങ്ങളിൽ കൂടുതൽ ജങ്കാർ, ബോട്ട് സർവീസുകൾ ക്ഷേത്ര ഭരണ സമിതി ഏർപ്പെടുത്തിയിട്ടുണ്ട്. വൃശ്ചികോത്സവത്തിന്റെ എട്ടാം ദിനമായ ഇന്ന് നടക്കുന്ന ആദിത്യ പൂജ സൂര്യ ഭഗവാന്റെ അനുഗ്രഹത്തിനും, ആദിത്യദോഷ നിവാരണത്തിനും സർവ്വവിഘ്ന നിവാരണത്തിനും ഉദ്ധിഷ്ടകാര്യ സിദ്ധിയ്ക്കും കുടുംബ ഐശ്വര്യത്തിനും സർവ്വരോഗ നിവാരണത്തിനും സർവ്വോപരി നാടിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ്. എല്ലാ ഭക്തജനങ്ങളും ഈ ചടങ്ങിൽ പങ്കെടുക്കണമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.