കരുനാഗപ്പള്ളി: കേരളത്തിന്റെ മണ്ണിൽ പരിവർത്തനത്തിന്റെ വിത്തുകൾ ആദ്യമായി വിതച്ച ഋഷീശ്വരനാണ് ശ്രീനാരായണ ഗുരുദേവനെന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവ ദർശനങ്ങൾ കടൽ കടന്ന് വിദേശ രാജ്യങ്ങളിലും പ്രചരിക്കുന്ന കാലഘട്ടമാണിത്. ഗുരുവിന്റെ ദർശനങ്ങളും സന്ദേശങ്ങളും കലാതീതമാണ്. ഗുരുവിന്റെ സന്ദേശങ്ങളുടേയും ദർശനങ്ങളുടേയും പൊരുൾ മനസ്സിലാക്കാൻ ജനങ്ങൾ തയ്യാറാകണം. കേരള സമൂഹം തിരസ്ക്കരിച്ച അസമത്വത്തിന്റെയും ജാതിയുടെയും ചിന്തകൾ വീണ്ടും തലപ്പൊക്കുകയാണ്. ജാതിവിവേചനം കാരണം വിദ്യാർത്ഥികൾ കലാലയങ്ങളിൽ ആത്മഹത്യ ചെയ്യുന്ന പ്രവണത കൂടിവരികയാണ്. നാളെയുടെ വാഗ്ദാനങ്ങളാണ് ഇത്തരത്തിൽ പൊലിയുന്നത്. ഇത്തരം സംഭവങ്ങളിൽ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ എസ്. എൻ.ഡി.പിയോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. എസ്.സലിംകുമാർ, എൻ.അശോകൻ, എല്ലയ്യത്ത് ചന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ക്ലാപ്പന ഷിബു, മധുകുമാരി, ദിലീപ്, രേണുജി, സജീവ് കുമാർ, രാജേഷ്, പ്രസന്നകുമാർ, സജീവ്, എച്ച്.ബിനുദാസ്, മനോഹരൻ, സുനിൽകുമാർ, സച്ചിദാനന്ദൻ, സദാനന്ദൻ, രാജു, ഉത്തമൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.