c
കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈറ്റൻസ്) ഒന്നാംസ്ഥാനം നേടുന്നു

കൊല്ലം: അഷ്ടമുടിയുടെ ഓളപ്പരപ്പിൽ ആവേശത്തുഴയെറിഞ്ഞ് പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) കിരീടവും പ്രസിഡന്റ്സ് ട്രോഫിയും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈ​റ്റൻസ്) സ്വന്തമാക്കി. അഷ്ടമുടിക്കായലിൽ പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടൊപ്പം നടന്ന സി.ബി.എൽ ഫൈനലിൽ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ (റേജിംഗ് റോവേഴ്സ്), എൻ.സി.ഡി.സി തുഴഞ്ഞ ദേവസ് (മൈ​റ്റി ഓർസ്) എന്നിവയെ തുഴപ്പാടുകളുടെ വ്യത്യാസത്തിൽ തോൽപ്പിച്ചാണ് നടുഭാഗം ജലചക്രവർത്തിയായത്.

സി.ബി.എല്ലിന്റെ ചരിത്രത്തിലെ ഏ​റ്റവും ആവേശകരവും സമയവ്യത്യാസം കുറഞ്ഞതുമായ മത്സരമായിരുന്നു അഷ്ടമുടിക്കായലിൽ നടന്നത്.

ഹീ​റ്റ്സിലും ഫൈനൽ മത്സരങ്ങളിലുമായി ഏ​റ്റവും മികച്ച സമയം കുറിച്ച നടുഭാഗം ചുണ്ടന് 'നെരോലാക് എക്സൽ ഫാസ്​റ്റസ്​റ്റ് ടീം ഓഫ് ദി ഡേ' സ്ഥാനവും ബോണസായി അഞ്ച് പോയിന്റും ലഭിച്ചു.

കാരിച്ചാൽ 86 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തും 76 പോയിന്റുകളുമായി ദേവസ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15ലക്ഷം, 10 ലക്ഷം രൂപ വീതവുമാണ് ലഭിക്കുക. കൂടാതെ അതത് ദിവസത്തെ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം 5, 3, 1 ലക്ഷം രൂപ വീതവും ലഭിക്കും. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഓരോ മത്സരത്തിനും നാലു ലക്ഷം രൂപ വീതം ലഭിക്കും.

സി.ബി.എൽ ഒന്നാം സീസൺ അവസാനിക്കുമ്പോൾ 75 പോയിന്റുമായി യു.ബി.സി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ആറാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും സി.ബി.എൽ അവസാന മത്സരവും മന്ത്റി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.എം മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. മന്ത്റിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, എൻ.കെ പ്രേമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, കെ.ടി.ഡി.സി എം.ഡിയും കേരള ടൂറിസം അഡി. ഡയറക്ടറുമായ കൃഷ്ണതേജ, ജില്ലാ കളക്ടർ അബ്ദുൾ നാസർ, മേയറുടെ ചുമതല വഹിക്കുന്ന വിജയ ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി തുടങ്ങിയവരും പങ്കെടുത്തു.