c
കശുഅണ്ടി

കൊല്ലം: കാഷ്യു എക്സ്പോട്ട് പ്രമോഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കൊല്ലം കാഷ്യു ഭവനിൽ ലോക കശുഅണ്ടിദിനം ആചരിച്ചു.
കശുഅണ്ടി ഉപഭോഗത്തിന്റെ പ്രാധാന്യവും പ്രയോജനവും പ്രചരിപ്പിക്കാനാണ് ആഗോളവ്യാപകമായി നവംബർ 23ന് ഈ ദിനം ആചരിക്കുന്നത്. കശുഅണ്ടി വ്യവസായം അത്യധികം പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ ദിനാചരണത്തിന്റെ പ്രസക്തി കൂട്ടുന്നുവെന്ന് ഉദ്‌ഘാടനം നിർവഹിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഈ ദിനാചരണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തിൽ എമിറേറ്റ്‌സ് വിമാനകമ്പിനി ഇന്നേ ദിവസം അവരുടെ എല്ലാ സർവീസുകളിലും ഇന്ത്യൻ കശുഅണ്ടി അധിഷ്ടിത ഉത്പന്നങ്ങൾ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊളസ്‌ട്രോൾ, രക്ത സമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള കശുവണ്ടി പരിപ്പിന്റെ സവിശേഷത ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച സി.ഇ.പി.സി.ഐ ചെയർമാൻ ഡോ.ആർ.കെ. ഭൂതേഷ് പറഞ്ഞു.

സി.ഇ.പി.സി.ഐയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.കണ്ണൻ സ്വാഗതം പറഞ്ഞു. പ്രമുഖ കശുഅണ്ടി വ്യവസായികളും കശുഅണ്ടി മേഖലയുടെ ഭാഗമായിട്ടുള്ള നിരവധി വ്യക്തികളും സമ്മേളനത്തിൽ പങ്കെടുത്തു.മറ്റു ഭാരവാഹികളായ അബ്ദുൽ സലാം,നൗഫൽ സലാം, രഞ്ജിത്ത് എസ്.കുറുമ,ഡോ.ജോബ്‌സൺ ജി. വർഗീസ്, അഭിജി മോഹൻ തുടങ്ങിയവർ സംസാരിച്ചു. സി.ഇ.പി.സി.ഐ ഭാരവാഹികളായ സതീഷ് കുമാർ നന്ദി പറഞ്ഞു.