# കരാർ നൽകുന്നത് വൈകാൻ സാദ്ധ്യത
അഞ്ചാലുംമൂട് : പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണത്തിനുള്ള കരാറുകാരെ കണ്ടെത്തുന്നതിനായി ടെൻഡറുകൾ തുറന്നു. കേരളത്തിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനികളിലൊന്ന് ടെണ്ടർ സമർപ്പിച്ചുവെന്നായിരുന്നു വിവരമെങ്കിലും ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി, കെ.വി. ജോസഫ് എന്നീ രണ്ടുപേരാണ് നിലവിൽ ടെണ്ടർ സമർപ്പിച്ചിരിക്കുന്നത്. ടെണ്ടർ തുറന്നെങ്കിലും തുടർ നടപടികൾ നീളാനാണ് സാദ്ധ്യത. രണ്ടാഴ്ച്ചയ്ക്കുള്ളിൽ സാങ്കേതികാനുമതി നൽകുന്നതിനുള്ള ടെക്നിക്കൽ കമ്മിറ്റി കൂടുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണമെങ്കിലും മറ്റു നടപടികൾക്ക് ആഴ്ച്ചകളും മാസങ്ങളും എടുക്കാനാണ് സാദ്ധ്യത.
പുനലൂർ തൂക്കുപാലത്തിന്റെ മാതൃകയിൽ സൈലോൺ കേബിളുകൾ കൊണ്ട് തൂണുകൾ ബന്ധിപ്പിക്കുന്ന രീതിയിൽ നിർമ്മിക്കുന്ന പാലത്തിന് 434 മീറ്റർ നീളവും പതിനൊന്ന് സ്പാനുകളുമുണ്ടാകും. കരയോട് ചേർന്നുള്ള ഭാഗത്തെ സ്പാനുകൾ തമ്മിൽ മുപ്പത് മീറ്ററും കായലിൽ 70 മീറ്ററുമാണ് അകലം. 35.45 കോടി രൂപ അടങ്കൽ തുകയായ പാലത്തിന് വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് അനുമതി നൽകിയത്. പെരുമൺ പാലത്തിനൊപ്പം കണ്ണങ്കാട് പാലം കൂടി യാഥാർഥ്യമായാൽ ബൈപാസിൽ നിന്ന് ശാസ്താംകോട്ട, ചെങ്ങന്നൂർ, ഭരണിക്കാവ് ഭാഗങ്ങളിലേക്കുള്ള യാത്രാസമയം ലാഭിക്കാൻ കഴിയും.
ടെണ്ടറിന്റെ തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി പരമാവധി പരിശ്രമിക്കും. ഇതിനായി ശക്തമായ ഇടപെടൽ നടത്തും.
എം. മുകേഷ് എം.എൽ.എ
2 ആഴ്ച്ചയ്ക്കുള്ളിൽ ടെക്നിക്കൽ കമ്മിറ്റി
ടെണ്ടർ തുറന്നെങ്കിലും തുടർ നടപടികൾ നീളാനാണ് സാദ്ധ്യതയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് സാങ്കേതികാനുമതി നൽകുന്നതിനുള്ള ടെക്നിക്കൽ കമ്മിറ്റി രണ്ടാഴ്ച്ചയ്ക്കുള്ളിൽ കൂടും. തുടർന്ന് ടെക്നിക്കൽ ബിഡ്ഡുകൾ (സാങ്കേതിക തുക നിശ്ചയിച്ച് ലേലത്തിൽ നൽകുന്നതിന് കരാറുകാർ നൽകുന്ന അപേക്ഷ) തുറക്കുകയും അനുമതി നൽകുകയും വേണം. ടെക്നിക്കൽ ബിഡ്ഡിന് അനുമതി നൽകിക്കഴിഞ്ഞാൽ സാമ്പത്തിക ബിഡുകൾക്കും അനുമതി ലഭിക്കണം. എങ്കിൽ മാത്രമേ കരാർ ഉറപ്പിക്കാൻ കഴിയുകയുള്ളൂ.