gandhi-bhavan
കോട്ടയം കുമരകം അർച്ചന ഭവനിൽ അർച്ചനയും കുമരകം ചെപ്പന്നുക്കരിയിൽ വീട്ടിൽ വിഷ്ണുവും ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ വിവാഹിതരായപ്പോൾ

പത്തനാപുരം: തിരുവനന്തപുരം കേന്ദ്രമാക്കി ജീവകാരുണ്യപ്രവർത്തനം നടത്തുന്ന യുവാക്കളുടെ കൂട്ടായ്മയായ ഹോപ്പ് ഫൗണ്ടേഷനും പത്തനാപുരം ഗാന്ധിഭവനുമായി ചേർന്ന് നിർദ്ധന യുവതിക്ക് മാംഗല്യമൊരുക്കി. കോട്ടയം കുമരകം അർച്ചന ഭവനിൽ ഷൈനിയുടെ മകൾ അർച്ചനയും കുമരകം ചെപ്പന്നുക്കരിയിൽ വീട്ടിൽ ബാബുവിന്റെയും മിനിയുടെയും മകന്‍ വിഷ്ണുവും തമ്മിലുള്ള വിവാഹമാണ് ഗാന്ധിഭവൻ അഭയകേന്ദ്രത്തിലെ ആയിരത്തിമുന്നൂറോളം അന്തേവാസികളുടെയും പ്രവർത്തകരുടെയും വിശിഷ്ടാതിഥികളുടെയും സാന്നിദ്ധ്യത്തിൽ ലളിതമായ ചടങ്ങുകളോടെ നടന്നത്. ഹോപ് ഫൗണ്ടേഷന്റെ ആറാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ വിവാഹത്തിന് നാലര പവൻ സ്വർണവും, വിവാഹവസ്ത്രങ്ങളും, വധൂവരന്മാർക്ക് പോക്കറ്റ് മണിയും കൂടാതെ മറ്റു ചെലവുകളും വഹിച്ചത് ഹോപ്പ് ആണ്. അർച്ചനയുടെ അമ്മയുടെ ശിവഗിരിമഠത്തിലെ ഗുരുധർമ്മ പ്രചരണസഭയുടെ രജിസ്ട്രാർ ടി.വി. രാജേന്ദ്രനെ സാമ്പത്തിക പ്രതിസന്ധി അറിയിച്ചതോടെയാണ് ഇതിനു വഴിയൊരുങ്ങിയത്. വിവരം അറിഞ്ഞ ഹോപ്പ് ഫൗണ്ടേഷൻ ഡയറക്ടർ മഹേഷ് പരമേശ്വരൻ നായർ ചുമതല ഏറ്റെടുക്കുകയായിരുന്നു. ഹോപ്പിന്റെ പ്രവർത്തകരായ നൂറോളം യുവതീയുവാക്കളും സന്നിഹിതരായിരുന്നു.