v
ഡോ. ടിഎം തോമസ് ഐസക്ക്

കൊല്ലം: ഐ.പി.എൽ മാതൃകയിൽ സംസ്ഥാന ടൂറിസം വകുപ്പ് തുടക്കമിട്ട ചുണ്ടൻ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) അടുത്ത വർഷംമുതൽ സംസ്ഥാന വ്യാപകമാക്കുമെന്ന് ഇക്കൊല്ലത്തെ മത്സരങ്ങളുടെ സമാപന വേദിയിൽ മന്ത്രിമാരായ ഡോ. ടിഎം തോമസ് ഐസക്കും കടകംപള്ളി സുരേന്ദ്രനും പ്രഖ്യാപിച്ചു.
കൊല്ലത്ത് അഷ്ടമുടിക്കായലിൽ നടന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളിയും സി.ബി.എല്ലിന്റെ ഫൈനൽ മത്സരങ്ങളും ഉദ്ഘാടനം ചെയ്യവെ ധനമന്ത്രി തോമസ് ഐസക്കാണ് ആദ്യം ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ അഞ്ചു ജില്ലകളിലായി നടത്തുന്ന സി.ബി.എല്ലിന് അടുത്തവർഷം മുതൽ മലബാർ ജില്ലകൾ വേദിയാകുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.
സംസ്ഥാന വ്യാപകമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സാങ്കേതിക കാരണങ്ങളാണ് ഇക്കുറി പൊന്നാനിയിൽ നിശ്ചയിച്ച മത്സരം നടത്താൻ കഴിയാതിരുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനത്തിന്റെ ഉത്തമോദാഹരണമാണ് സി.ബി.എൽ മത്സരങ്ങളിൽ കണ്ടതെന്ന് ചടങ്ങിൽ പങ്കെടുത്ത സംസ്ഥാന ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ആലപ്പുഴയിലും കോട്ടയത്തും ഒതുങ്ങിയിരുന്ന ചുണ്ടൻ വള്ളംകളിക്ക് സംസ്ഥാന വ്യാപകമായി സ്വീകാര്യത ലഭിക്കുന്നതിൽ സി.ബി.എൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. കൊല്ലത്തെ ടൂറിസം സാധ്യതകൾക്ക് സി.ബി.എൽ പുതിയ മാനം നൽകിയെന്ന് അധ്യക്ഷനായിരുന്ന എം. മുകേഷ് എം.എൽ.എ പറഞ്ഞു.