കൊട്ടാരക്കര: ജൈവ വൈവിദ്ധ്യം സംരക്ഷിച്ചാൽ മാത്രമേ കേളത്തിന്റെ ഭൗമ സൗന്ദര്യം നിലനിറുത്താൻ കഴിയൂവെന്ന് പരിസ്ഥിതി പ്രവർത്തൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളകൗമുദിയും പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിസ്ഥിതി സംരക്ഷണ സെമിനാർ കൊട്ടാരക്കര നാഥൻ പ്ളാസാ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർന്ന് പരിസ്ഥിതി സംരക്ഷണം പ്രശ്നങ്ങളും പ്രതിവിധിയും എന്ന വിഷയത്തിൽ അദ്ദേഹം ക്ളാസെടുത്തു. പ്രകൃതി ചൂഷണവും വയൽ നികത്തലും അനിയന്ത്രിതമായ കരിങ്കൽ ഖനനവും മൂലം പ്രളയത്തിനും ഉരുൾ പൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾക്കും നാം ഇരയായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്തുവർഷം കൊണ്ട് നാം നേടിയ വികസനം മുഴുവൻ പ്രളയത്തിൽ ഒലിച്ചു പോകുന്ന കാഴ്ച നാം തുടർച്ചയായി കാണുകയാണ്. ഭൗമ ചൂഷണമാണ് ഈ പ്രതിസന്ധിക്കു കാരണമെന്നും സി.ആർ. നീലകണ്ഠൻ വ്യക്തമാക്കി. വാട്ടർ ഷെഡ് വിദഗ്ദ്ധനും പരിസ്ഥിതി പ്രവർത്തകനുമായ കെ.വി. രാമാനുജൻ തമ്പി ചർച്ച നയിച്ചു . കേരളകൗമുദി കൊട്ടാരക്കര ലേഖകൻ കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു . പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കൺവീനർ അഡ്വ .വി.കെ. സന്തോഷ്‌കുമാർ സ്വാഗതവും റിട്ട തഹസിൽദാർ മുട്ടറ ഉദയഭാനു നന്ദിയും പറഞ്ഞു. പ്രൊഫ. പി.എൻ. ഗംഗാാധരൻ നായർ, ഡോ. ജയകുമാർ, എസ്. അശോക് കുമാർ, കുളക്കട രാമചന്ദ്രൻ, കുടവട്ടൂർ വിശ്വൻ, ആറ്റൂർക്കോണം സാജകുമാർ, പള്ളിക്കൽ സാമുവേൽ, കൊച്ചാലുമൂട് നാരായണൻ, സാമുവൽ ജോൺ, സജി ചേരൂർ, കോട്ടാത്തല വിജയൻ, എം.പി. വിശ്വനാഥൻ, വെഞ്ചേമ്പ് മോഹൻദാസ്, നീലേശ്വരം കൃഷ്ണൻകുട്ടി, ഉണ്ണി പുത്തൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്നു നടന്ന കാവ്യാർച്ചനയിൽ ശ്രേഷ്ഠ ഭാഷാ മലയാള ശാസ്ത്ര സാഹിത്യ വേദിയിലെയും ബുദ്ധകലാ സാഹിത്യ സാംസ്കാരിക സംഘത്തിലെയും പ്രമുഖ കവികൾ പരിസ്ഥിതി കവിതകൾ അവതരിപ്പിച്ചു.