കൊല്ലം: പൊതുവിപണിയിൽ സവാളയുടെയും കൊച്ചുള്ളിയുടെയും വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു. ഒരാഴ്ചകൊണ്ട് കൊച്ചുള്ളിയുടെ വില ഇരട്ടിയോളമാണ് വർദ്ധിച്ചത്. സവാളയുടെ വിലയാകട്ടെ രണ്ട് മാസം കൊണ്ട് രണ്ട് ഇരട്ടിയോളം വർദ്ധിച്ചു. ജില്ലയിലെ പല സ്ഥലങ്ങളിലും കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചുള്ളി എത്തുന്നുമില്ല. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ കാലം തെറ്റി പെയ്ത മഴയെ തുടർന്നുണ്ടായ കനത്ത കൃഷി നാശമാണ് സവാളയുടെയും ഉള്ളിയുടെയും വില ഉയരാനുള്ള കാരണമായി പറയുന്നത്.
കൊച്ചുള്ളി കരയിക്കും....
കഴിഞ്ഞയാഴ്ച കൊച്ചുള്ളിക്ക് 65 രൂപയായിരുന്നു. ഈയാഴ്ച 80 രൂപയായി ഉയർന്നു. കഴിഞ്ഞ ബുധനാഴ്ച 20 രൂപ കൂടി 100 ആയി ഉയർന്നു. വ്യാഴാഴ്ച വീണ്ടും പത്ത് രൂപ കൂടി. ഇന്നലെ 20 രൂപ കൂടി വർദ്ധിച്ചാണ് 130 രൂപയിലെത്തിയത്. കുറഞ്ഞത് ഒരുമാസമെങ്കിലും ഈ വില തുടരുമെന്നാണ് വിതരണക്കാർ പറയുന്നത്. എന്നാൽ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഒരു കിലോ ഉള്ളിക്ക് 80 രൂപയേയുള്ളു. കൊല്ലത്തെ ചില മൊത്തക്കച്ചവടക്കാർ തമിഴ്നാട്ടിൽ നിന്നും ഉള്ളി കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നുണ്ട്.
സപ്ലൈകോയിലും കിട്ടാനില്ല
വിലക്കയറ്റം രൂക്ഷമാകുമ്പോൾ ജനങ്ങൾക്ക് ആശ്വാസമാകേണ്ട സപ്ലൈകോയിലും സവാളയും കൊച്ചുള്ളിയും ഒരുമാസമായി കിട്ടാനില്ല. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ നാഫെഡിൽ നിന്നും സംഭരിച്ച് കുറഞ്ഞ വിലയ്ക്ക് സവാള വിതരണം ചെയ്യുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജില്ലയിൽ കരുനാഗപ്പള്ളിയിൽ മാത്രമാണ് പേരിന് വേണ്ടി 34 രൂപയുടെ സവാളയെത്തിയത്. സപ്ലൈകോ ഹെഡ് ഓഫീസിൽ ആവശ്യമുള്ള അളവ് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഉടൻ ലഭ്യമാകുമെന്നുമാണ് ഡിപ്പോ മാനേജർമാരുടെ പ്രതികരണം.
............................................
ന്യായമായ വിലയ്ക്ക് പൊതുജനങ്ങൾക്ക് സവാളയും കൊച്ചുള്ളിയും എത്രയും വേഗം ലഭ്യമാക്കിയില്ലെങ്കിൽ സപ്ലൈകോ ഡിപ്പോ ഓഫീസുകൾക്ക് മുന്നിൽ സമരം ആരംഭിക്കും.''
അഡ്വ. സുഗതൻ ചിറ്രുമല(കേരള ജനകീയ ഉപഭോക്തൃ സമിതി സംസ്ഥാന പ്രസിഡന്റ്)
സവാള വില
ഇന്നലെ: 95 രൂപ
രണ്ട് മാസം മുമ്പ്: 35 രൂപ
കൊച്ചുള്ളി
ഇന്നലെ: 130
ഒരാഴ്ച മുമ്പ്: 65 രൂപ