കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ നാമ മന്ത്രോച്ചാരണത്താൽ ഓച്ചിറ ശ്രീനാരായണ ഗുരുക്ഷേത്രം ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തരാണ് പുലർച്ചെ മുതൽ ഗുരുസന്നിധിയിലെത്തുന്നത്. വൃശ്ചിക മാസത്തെ പന്ത്രണ്ട് മഹോത്സവത്തിന്റെ ഭാഗമായി ഓച്ചിറ ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ ശ്രീനാരായണ ധർമ്മ പ്രചാരണം നടത്തി വരികയാണ്. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ പരിധിയിലുള്ള ശാഖകളിൽ നിന്നുള്ള ഭക്തരാണ് ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.
പുലർച്ചെ ഗുരുപൂജയോട് കൂടി ആരംഭിക്കുന്ന ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരണം വൈകിട്ടത്തെ ദീപാരാധനയോടെയാണ് സമാപിക്കുന്നത്. ശ്രീനാരായണ ഗുരുദേവ ദർശനങ്ങളുടെ വ്യാഖ്യാനം, ഗുരുദേവ കൃതികളുടെ ആലാപനം, ആത്മീയ പ്രഭാഷണങ്ങൾ, എസ്.എൻ.ഡി.പി യോഗത്തിന്റെയും നേതാക്കളുടേയും ചരിത്രം, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾ, കുമാരീസംഘത്തിന്റെ കലാപരിപാടികൾ തുടങ്ങി എല്ലാ മേഖലകളെയും തൊട്ടുണർത്തിക്കൊണ്ടുള്ള പരിപാടികൾക്കാണ് കരുനാഗപ്പള്ളി യൂണിയൻ രൂപം നൽകിയിട്ടുള്ളത്.
ശ്രീനാരായണീയരുടെ വീടുകളിലെല്ലാം ശ്രീനാരായണ ദർശനങ്ങൾ എത്തിക്കുകയെന്നതാണ് ധർമ്മ പ്രചാരണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് യൂണിയൻ നേതാക്കളായ കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ, വൈസ് പ്രസിഡന്റ് എസ്. ശോഭനൻ എന്നിവർ പറഞ്ഞു. ഇക്കുറി മുതിർന്നവർക്കൊപ്പം കുട്ടികളും ശ്രീനാരായണ ധർമ്മ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുകയാണ്. ആത്മീയ പ്രഭാഷകൻ വള്ളിക്കാവ് സേനന്റെ ഗുരുദേവ ദർശനങ്ങളുടെ പ്രഭാഷണത്തോടെയാണ് ഇന്നലത്തെ പരിപാടികൾ ആരംഭിച്ചത്. എസ്.എൻ.ഡി.പി യോഗം 427, 183, 568 എന്നീ ശാഖകളിലെ കുമാരീസംഘം പ്രവർത്തകർ കലാപരിപാടികൾ അവതരിപ്പിച്ചു. ഇവർക്കുള്ള സമ്മാനങ്ങൾ യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ എന്നിവർ വിതരണം ചെയ്തു.