പുനലൂർ: തെന്മല - പത്തേക്കർ പാതയോരത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ പഞ്ചായത്ത് സ്ഥാപിച്ച സി.സി.ടി.വി കാമറ പ്രവർത്തന രഹിതമായെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാക്കിൽ നിറച്ച മാലിന്യവുമായെത്തി തെന്മല പഞ്ചായത്ത് ഓഫീസ് ഉപോധിച്ചു. രണ്ട് ദിവസം മുമ്പ് കാമറ സ്ഥാപിച്ചിരുന്ന പാതയോരത്തും മാലിന്യം തള്ളിയിരുന്നു. ക്കാമറയുടെ പ്രവർത്തനം നിലച്ചത് കാരണം മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധ സമരം സംഘടിപ്പിച്ചതെന്ന് നേതാക്കൾ അറിയിച്ചു. സംഭവം അറിഞ്ഞെത്തിയ പഞ്ചായത്ത് അംഗങ്ങളും സമരക്കാരുമായി വാക്കേറ്റവുമുണ്ടായി. തുടർന്ന് തെന്മല പൊലീസും സ്ഥലത്തെത്തി. കാമറയുടെ മുന്നിൽ പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചു. യൂത്ത്കോൺഗ്രസ് ജില്ലാ സെക്രട്ടറി വി. രാധാകൃഷ്ണൻ, ആഷിക്, അനൂപ് ജോർജ്, ടോജോ ജോസഫ് തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. എന്നാൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിലുളള പാതയോരങ്ങളിൽ 4.35 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച കാമറകൾ പൂർണമായും പ്രവർത്തന സജ്ജമാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.