padanilam
ഓച്ചിറ പടനിലത്തെ തിരക്ക്

ഓച്ചിറ: പതിനായിരങ്ങളുടെ പ്രാർഥനകൾ ഏറ്റുവാങ്ങി പരബ്രഹ്മ ഭൂമിയിൽ വൃശ്ചികോത്സവം ഭക്തിനിർഭരമാകുന്നു. ശനി,​ ഞായർ ദിവസങ്ങളിൽ അസാധാരണമായ ഭക്തജനത്തിരക്കാണ് പടനിലത്ത് അനുഭവപ്പെട്ടത്. വെളുപ്പിന് അഞ്ച് മണിക്ക് ആരംഭിക്കുന്ന ഭക്തജന പ്രവാഹം രാത്രി പതിനൊന്നുവരെയും തുടരുന്നുണ്ട്.

ഉത്സവത്തിന്റെ എട്ടാം ദിവസമായ ഇന്നലെ രാവിലെ 6.30ന് ആരംഭിച്ച അഖണ്ഡനാമജപയജ്ഞം സന്ധ്യയോടെയാണ് സമാപിച്ചത്.

തിരക്ക് പരിഗണിച്ച് കെ.എസ്‌.ആർ.ടി.സി കായംകുളം, ഹരിപ്പാട്, കരുനാഗപ്പള്ളി ഡിപ്പോകളിൽനിന്നും സ്പെഷ്യൽ സർവീസുകൾ നടത്തുന്നുണ്ടെങ്കിലും ഇവയിൽ ഉൾക്കൊള്ളാനാകുന്നതിലേറെ ഭക്തജനങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പൊലീസിന്റെ സേവനവും പടനിലത്ത് സജീവമാണ്. സുരക്ഷ ഉറപ്പാക്കുന്നതിന് ഗോപുരം മുതൽ ഒണ്ടിക്കാവ് വരെയുള്ള ക്ഷേത്ര വഴികളിൽ കർശനമായ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രപരിസരത്ത് മാലിന്യനീക്കത്തിനും ഹരിത കർമ്മ സേന, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ രംഗത്തുണ്ട്. മണിക്കൂറുകൾ ഇടവിട്ട് നിരന്തരമായ ശുചീകരണമാണ് നടത്തുന്നത്.