ചിന്നക്കട ക്ളോക്ക് ടവറിന്റെ മാതൃകയിലുള്ള തൂണുകൾ
കൊല്ലം: ഹൈസ്കൂൾ ജംഗ്ഷനിലെയും ചെമ്മാംമുക്കിലെയും നടപ്പാലങ്ങളുടെ നിർമ്മാണം രണ്ടാഴ്ച്ചയ്ക്കകം പൂർത്തിയാകും. മേൽക്കൂരകളുടെ നിർമ്മാണവും പെയിന്റിംഗും മാത്രമാണ് ഇനി അവശേഷിക്കുന്നത്.
ജല അതോറിറ്റി, വൈദ്യുതി, ദേശീയപാത തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള അനുമതി ലഭിക്കാൻ കാലതാമസം വന്നതോടെ നടപ്പാലം നിർമ്മാണം ആരംഭിക്കൽ വൈകിയിരുന്നു. ഫയലുകളെല്ലാം ശരിയായി നിർമ്മാണം തുടങ്ങിയപ്പോഴാകട്ടെ മഴ പലപ്പോഴും വില്ലനായെത്തി. ഇപ്പോൾ ശരവേഗത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. റോഡിന് കുറുകെയുള്ള നടപ്പാതയുടെയും പടികളുടെയും നിർമ്മാണം പൂർത്തിയായിട്ടുണ്ട്. കൊല്ലത്തിന്റെ അടയാളമായ ക്ലോക്ക് ടവറിന്റെ മാതൃകയിലാണ് നടപ്പാതയെയും പടികളെയും ബന്ധിപ്പിക്കുന്ന ഇരുവശങ്ങളിലെ തൂണുകൾ.
തറനിരപ്പിൽ നിന്ന് ആറ് മീറ്റർ ഉയരത്തിലാണ് ഇരുനടപ്പാലങ്ങളും. ചെമ്മാംമുക്കിലേതിന് 26 മീറ്ററും ഹൈസ്കൂൾ ജംഗ്ഷനിലേതിന് 22 മീറ്രറും നീളമുണ്ട്. ഹൈസ്കൂൾ ജംഹ്ഷനിലെ നടപ്പാലത്തിന്റെ നിർമ്മാണ ചെലവ് 56 ലക്ഷം രൂപയും ചെമ്മാംമുക്കിലേതിന് 79 ലക്ഷം രൂപയുമാണ്. അമൃത് പദ്ധതിയിൽ നിന്നാണ് പണം വകയിരുത്തിയിരിക്കുന്നത്. ഇപ്പോൾ പൂർത്തിയാകുന്ന സ്ഥലങ്ങൾക്ക് പുറമേ സെന്റ് ജോസഫ് ജംഗ്ഷൻ, എസ്.എൻ കോളേജ് ജംഗ്ഷൻ, കടപ്പാക്കട എന്നിവിടങ്ങളിലും നടപ്പാലം നിർമ്മാണത്തിന് പദ്ധതിയുണ്ട്.
വിദ്യാർത്ഥികൾക്ക് ആശ്വാസം
നടപ്പാലം യാഥാർത്ഥ്യമാകുന്നതോടെ രണ്ടിടങ്ങളിലും കാൽനടയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരമാകും. ഇരു സ്ഥലങ്ങളിലും ഏറെ ആശ്വാസമാകുന്നത് വിദ്യാർത്ഥികൾക്കാണ്. പടികയറുന്നത് പ്രായമേറിയവർക്ക് അല്പം ബുദ്ധിമുട്ടാണെങ്കിലും കാത്തുനിന്ന് മുഷിയാതെയും അപകടത്തിൽപ്പെടാതെയും നിമിഷങ്ങൾക്കുള്ളിൽ റോഡ് മറികടക്കാം.