കൊല്ലം: മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എൽ.ആർ.സിയുടെ ലിറ്റിൽ ലൈബ്രറികൾ പ്രവർത്തിക്കുന്ന ഇരവിപുരം ഗവ. ന്യൂ എൽ.പി.എസ്, ശാസ്താംകോവിൽ ഗവ. എൽ.പി.എസ്, കെ.പി.എം മോഡൽ സ്കൂൾ, കാക്കോട്ടുമൂല ഗവ. യു.പി സ്കൂൾ, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായി 'ചാച്ചാജിയെ നിങ്ങൾ അറിയുക' എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഇരവിപുരം ഗവ. ന്യൂ എൽ.പി.എസിൽ നടന്ന മത്സരത്തിന് എൽ.ആർ.സി ജോയിന്റ് സെക്രട്ടറി സുബിൻ നേതൃത്വം വഹിച്ചു. ഭരണസമിതി അംഗങ്ങളായ ഡിക്‌സൺ, രാജു കരുണാകരൻ, ഗിരിപ്രേമാനന്ദ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാജി ബാബു സ്വാഗതവും പ്രഥമാദ്ധ്യാപിക സിന്ധു നന്ദിയും പറഞ്ഞു.
മത്സരത്തിൽ ഇരവിപുരം ഗവ. ന്യൂ എൽ.പി.എസിലെ ജെ. അനന്തിത, അശ്വിൻ എന്നിവർ ഒന്നാം സ്ഥാനവും കെ.പി.എം മോഡൽ സ്കൂളിലെ അയ്‌നശ്രീ, ഫർഹാ എന്നിവർ രണ്ടാസ്ഥാനവും കാക്കോട്ടുമൂല ഗവ.യു.പി സ്കൂളിലെ അമൃത, സൂര്യ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും എൽ.ആർ.സി പ്രതിനിധികളും അദ്ധ്യാപകരും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്‌തു.