photo
നാശത്തിന്റെ വക്കിലായ ആലുംകടവിലെ ബോട്ട്ജെട്ടി

ബോട്ടുജെട്ടി നിർമ്മിച്ചത് വിനോദ സഞ്ചാര വികസനത്തിന്

കരുനാഗപ്പള്ളി: വിനോദ സഞ്ചാര കേന്ദ്രമായ ആലുംകടവിന്റെ ടൂറിസം വികസനത്തിന്റെ ഭാഗമായി ഉൾനാടൻ ജലഗതാഗത വകുപ്പ് ആലുംകടവ് കടത്തു കടവിന് സമീപം നിർമ്മിച്ച ബോട്ട് ജെട്ടി നാശോന്മുഖമാകുന്നു. 10 ലക്ഷം രൂപ മുതൽ മുടക്കി 12 വർഷങ്ങൾക്ക് മുമ്പാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ബോട്ട് ജെട്ടി നിർമ്മിച്ചത്. കാൽ നൂറ്റാണ്ടിന് മുമ്പ് വരെ ആലുംകടവിന് കേരളത്തിലെ വിനോദ സഞ്ചാര ഭൂപടത്തിൽ വലിയ സ്ഥാനമുണ്ടായിരുന്നു. നിരവധി സഞ്ചാരികളും ഇവിടെയെത്തിയിരുന്നു. ആംലുകടവിന്റെ അനന്തമായ ടൂറിസം വികസന സാദ്ധ്യത കണക്കിലെടുത്താണ് ബോട്ട് ജെട്ടി നിർമ്മിക്കാൻ ഉൾനാടൻ ജലഗതാഗത വകുപ്പ് തയ്യാറായത്. ഇതിന് ശേഷം നിർമ്മിച്ച കോഴിക്കോട് പുത്തൻ ചന്തയിലെ ബോട്ട് ജെട്ടിയും തകർച്ചയുടെ വക്കിലാണ്.

കടൽക്കാറ്റ്

ബോട്ട് ജെട്ടിയുടെ നിർമ്മാത്തിന് ശേഷം ഒരിക്കൽപ്പോലും അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നിരന്തരമായി വീശുന്ന കടൽക്കാറ്റേറ്റ് ഇരുമ്പ് കൊണ്ട് നിർമ്മിച്ച കമ്പിവേലി പൂർണമായും നശിച്ചു. സർക്കാരിന്റെ 10 ലക്ഷം രൂപയാണ് അങ്ങനെ നഷ്ടമായത്. കാലാകാലങ്ങളിൽ ബോട്ട് ജെട്ടിയുടെ കമ്പി വേലി പെയിന്റ് അടിച്ച് സംരക്ഷിച്ചിരുന്നെങ്കിൽ ബോട്ട് ജെട്ടിയെ തകർച്ചയിൽ നിന്ന് രക്ഷിക്കാമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

10 ലക്ഷം രൂപ മുതൽ മുടക്കി 12 വർഷങ്ങൾക്ക് മുമ്പാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ബോട്ട് ജെട്ടി നിർമ്മിച്ചത്.

ആലുംകടവ് ഗ്രീൻ ചാനൽ

കൊല്ലത്തു നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ ഉച്ച ഭക്ഷണത്തിനുള്ള ഇടത്താവളമാണ് ആലുംകടവ് ഗ്രീൻ ചാനൽ. ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ ബോട്ടുകൾ നങ്കൂരമിടുന്നതിന് വേണ്ടിയാണ് ബോട്ട് ജെട്ടി നിർമ്മിച്ചത്. എന്നാൽ ബോട്ട് ജെട്ടി മത്സ്യബന്ധന ബോട്ടുകൾ കൈയടക്കിയതോടെ വിനോദ സഞ്ചാരികളുടെ ബോട്ടുകൾ ഗ്രീൻ ചാനലിന് സമീപമാണ് അടുക്കുന്നത്. വിനോദ സഞ്ചാരികൾക്ക് ഇരിക്കാനുള്ള സൗകര്യം, ബോട്ടിൽ നിന്ന് അപകട രഹിതമായി ഇറങ്ങുന്നതിന് കമ്പിവേലി കൊണ്ട് മറച്ച വിശാലമായ ഫ്ലാറ്റ് ഫോം എന്നിവയാണ് നിർമ്മിച്ചത്.