ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിലെ കാറ്റാടി വാർഡിൽ ഏണിയൂർമഠം പഞ്ചായത്ത് ചിറ മാസങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് നാട്ടുകാരുടെ പരാതി. ചിറയുടെ നാല് വശവും കാട്മൂടി വെള്ളം മലിനമായ നിലയിലാണ്. വർഷം തോറും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചിറ ശുചീകരിക്കാറുണ്ടെങ്കിലും പ്രദേശവാസികൾക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ മലിനമാണ് നിലവിൽ ചിറയിലെ വെള്ളം. ഉപയോഗശൂന്യമായി കിടക്കുന്ന ചിറ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരിക്കുന്നതിന് പുറമേ പഞ്ചായത്ത് നേരിട്ട് ഇടപെട്ട് ജനങ്ങൾക്ക് ഉപയോഗപ്രദമാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാട്ടുകാരുടെ പരാതി
എല്ലാ വർഷവും പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി ചിറയുടെ നാല് വശവും കാട് വെട്ടിമാറ്റി ശുചീകരിക്കാൻ ഫണ്ട് അനുവദിക്കുകയും പണി തൊഴിലുറപ്പ് തൊഴിലാളികളെ ഏൽപ്പിക്കുകയുമാണ് പതിവ്. എന്നാൽ തൊഴിലുറപ്പ് തൊഴിലാളികൾ വേണ്ടവിധം പണി ചെയ്യാത്തതാണ് ചിറ ഉപയോഗശൂന്യമാകാൻ കാരണമെന്ന് പ്രദേശദേശ വാസികൾ പറയുന്നു.
ശുചീകരണം ഫലപ്രദമല്ല
കഴിഞ്ഞ തവണ ചിറയുടെ ചുറ്റുമതിലിന്റെ കെട്ടിൽ നിൽക്കുന്ന കാട് വെട്ടിത്തെളിച്ചിരുന്നു. എന്നാൽ ചുറ്റുമതിലിന് സമീപത്ത് വളർന്നു നിൽക്കുകയായിരുന്ന മരത്തിന്റെ കുറ്റി നശിപ്പിക്കാതെയാണ് പണി ചെയ്തതെന്നും ഇപ്പോൾ ആ കുറ്റികൾ വളർന്ന് വലിയ മരങ്ങളായി മാറിയതിനാൽ ചിറയിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.