കരുനാഗപ്പള്ളി : സൈന്യത്തിൽ നിന്ന് ഓണററി ക്യാപ്ടനായി വിരമിച്ച കരുനാഗപ്പള്ളി നഗരസഭാ ഡിവിഷൻ കൗൺസിലറും പൊതുമാരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി. ശിവരാജനെ തുറയിൽകുന്ന് എസ്.എൻ.യു,പി സ്കൂളിലെ കുട്ടികൾ വീട്ടിലെത്തി ആദരിച്ചു. മുൻ രാഷ്ട്രപതിമാരായ ശങ്കൽദയാൽ ശർമ്മ, കെ.ആർ. നാരായണൻ എന്നിവരിൽ നിന്ന് മികച്ച സൈനിക സേവനത്തിനുള്ള അവാർഡുകൾ ലഭിച്ചിരുന്നു. വിദ്യാലയങ്ങൾ പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ അങ്കണത്തിൽ നട്ടുവളർത്തിയ ചെടികളിൽ നിന്ന് ഇറുത്തെടുത്ത പൂക്കൾ നൽകിയാണ് അദ്ദേഹത്തെ കുട്ടികൾ ആദരിച്ചത്. സൈനികനായും ജനപ്രതിനിധിയായും സേവനം അനുഷ്ഠിച്ചപ്പോഴുള്ള അനുഭവങ്ങൾ ശിവരാജൻ കുട്ടികളുമായി പങ്കുവെച്ചു. അദ്ധ്യാപകരായ അനിത, ബിന്ദു, കെ.ജി. ശിവപ്രസാദ്, ഫ്രിജിലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.