ഓച്ചിറ: ബാറിൽ നടന്ന സംഘട്ടനത്തിൽ ക്വട്ടേഷൻ സംഘം യുവാവിനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രധാന പ്രതി പിടിയിൽ. കായംകുളം സ്വദേശിയും ഇപ്പോൾ കുലശേഖരപുരം കടത്തൂർ സ്റ്റേഡിയം വാർഡിൽ പനമൂട്ടിൽ ജംഗ്ഷന് സമീപം താമസിക്കുന്ന കട്ടച്ചിറ കിഴക്കതിൽ അനീർഷായാണ് (44) പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വെള്ളിയാഴ് രാത്രി 7.40ന് ഓച്ചിറയിലെ ബാറിലായിരുന്നു സംഭവം. പ്രയാർ തെക്ക് കുറുവേലി കീഴക്കതിൽ (കൊച്ചു തറയിൽ) റിയാസിനെയാണ് (35) തലയ്ക്കും കഴുത്തിനും ബിയർ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. സാരമായി പരിക്കേറ്റ റിയാസിനെ ആലപ്പുഴ വണ്ടാനം മെഡി. കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ല. പുതുതെരുവ് പള്ളിക്ക് സമീപം ബജിക്കട നടത്തുകയായിരുന്ന റിയാസ് ബാറിലെത്തിയപ്പോൾ ക്വട്ടേഷൻ സംഘം ബിയർ കുപ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് ഓച്ചിറ പൊലീസ് പറഞ്ഞു. ബാറിലെ സി.സി ടി.വിയിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രധാന പ്രതി അനീർ ഷാ കസ്റ്റഡിയിലായത്. പിടിയിലായ പ്രതി ഒരു വർഷത്തിന് മുൻപ് തഴവ കടത്തൂർ സ്വദേശിയായ മത്സ്യവ്യാപാരി ശശിയെ വാഹനം ഇടിച്ച് വീഴ്ത്തി കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ്. ഇയാൾക്ക് എതിരെ കരുനാഗപ്പള്ളി, കായംകുളം പൊലീസ് സ്‌റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കുത്തേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന യുവാവിന്റെ മൊഴി എടുത്തതിന് ശേഷമേ മറ്റ് പ്രതികൾ ഉണ്ടോ എന്ന കാര്യം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സി.ഐ ആർ. പ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നൗഫൽ, അഷറഫ്, റോബി, പ്രസന്നൻ, സീനിയർ സിവിൽ ഓഫീസർ രഞ്ജിത്ത്, ജയകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.