കൊല്ലം: ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ബധിര കായികമേളയുടെ അവസാന ദിവസമായ ഇന്നലെ വിതരണം ചെയ്തത് നിലവാരമില്ലാത്ത ഭക്ഷണം. ഉച്ചഭക്ഷണമായി ആദ്യം കൊണ്ടുവന്ന ഫ്രൈഡ് റൈസ് വെന്ത് കുഴഞ്ഞതായിരുന്നു. താരങ്ങൾ പരാതിപ്പെട്ടപ്പോൾ പിന്നീടെത്തിച്ചതിൽ നാവിൽ വയ്ക്കാനാകാത്ത വിധം ഉപ്പ് കൂടുതലായിരുന്നു. പ്രതിഷേധം ഉയർന്നതോടെ പച്ചരി കൂടി ചേർത്ത് വേവാത്ത ഫ്രൈഡ് റൈസ് വീണ്ടുമെത്തിച്ചു. നാവിൽ വച്ച ശേഷം എല്ലാവരും ഭക്ഷണം ഉപേക്ഷിച്ചതോടെ അവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ വച്ചിരുന്ന ടാർ വീപ്പ നിറഞ്ഞ് കവിഞ്ഞു. ഇതിനിടയിൽ മേളയുടെ ഭാഗമായുള്ള മെഡിക്കൽ സംഘത്തിൽ അംഗമായിരുന്ന ഡോക്ടർ ഭക്ഷണം കഴിക്കുന്നതിനിടെ മൊട്ടുസൂചി വായിൽ തടഞ്ഞു. കഴിഞ്ഞ ദിവസം ഭക്ഷണം വിതരണം ചെയ്ത പ്ലേറ്റ് വൃത്തിയായി കഴുകാതെയാണ് ഇന്നലെ പ്രഭാതഭക്ഷണം വിതരണം ചെയ്തതെന്നും പരാതിയുണ്ട്. ഞായറാഴ്ചയായതിനാൽ സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള ഹോട്ടലുകളെല്ലാം അടവായിരുന്നു. ചിലർ പൊരിവെയിലത്ത് കിലോ മീറ്ററുകളോളം ഹോട്ടലുകൾ തേടി നടന്നപ്പോൾ മറ്റ് ചിലർ വിശപ്പ് കടിച്ചുപിടിച്ചാണ് മത്സരങ്ങളിൽ പങ്കെടുത്തത്.