c
കുളത്തൂപ്പുഴയിൽ വെറ്ററിനറി കോളേജിന് ആലോചന

നിലവിലെ കോളേജുകൾ

1.തൃശൂർ മണ്ണുത്തി

2. വയനാട് പൂക്കോട്

മൂന്നാമത്തെ കോളേജ്

കുളത്തൂപ്പുഴ

പരിഗണനയിൽ

കോഴ്സ്

ബി.വി.എസ്.സി ആൻഡ്

അനിമൽ ഹസ്ബൻഡറി

നിബന്ധന

40 ഏക്കർ ഭൂമി

കന്നുകാലി ഫാമുകൾ

നടപടി

റവന്യൂഭൂമി സർക്കാർ സർവകലാശാലയ്ക്ക് കൈമാറുക

ആവശ്യമായ തസ്തികകൾ അനുവദിക്കുക

കൊല്ലം: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ കീഴിൽ കുളത്തൂപ്പുഴയിൽ പുതിയ വെറ്ററിനറി കോളേജ് ആരംഭിക്കാൻ ആലോചന.

കുളത്തൂപ്പുഴയിൽ ഒഴിഞ്ഞുകിടക്കുന്ന റവന്യൂ ഭൂമി ഏറ്റെടുത്താകും കോളേജ് സ്ഥാപിക്കുക.

തെക്കൻ കേരളത്തിൽ ഒരു കോളേജ് ആരംഭിക്കാനായി സർവകലാശാല വളരെ നേരത്തെ തന്നെ വിശദരൂപരേഖ തയ്യാറാക്കിയിരുന്നു. 40 ഏക്കർ ഭൂമിയെങ്കിലും ഉണ്ടെങ്കിലേ വെറ്ററിനറി കൗൺസിൽ പുതിയ കോളേജിന് അനുമതി നൽകുകയുള്ളു.

മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവും വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും അടങ്ങുന്ന സംഘം കുളത്തൂപ്പുഴയിലുള്ള ലൈവ് സ്റ്റോക്ക് ബോർഡിന്റെ ഫാമിനോട് ചേർന്നുള്ള ഭൂമി സന്ദർശിച്ചിരുന്നു. ഈ സ്ഥലം വേണ്ടത്ര അനുയോജ്യമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഒഴിഞ്ഞു കിടക്കുന്ന റവന്യു ഭൂമി ഏറ്റെടുക്കാൻ ആലോചിക്കുന്നത്.

സ്ഥലവും തസ്തികകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് വെറ്ററിനറി സർവകലാശാല സർക്കാരിന് നേരത്തെ കത്ത് നൽകിയിട്ടുണ്ട്. കുളത്തൂപ്പുഴയിൽ പുതിയ കോളേജ് യാഥാർത്ഥ്യമായാൽ ജില്ലയിലെ മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കും കരുത്തേകും.

'' കോളേജ് ആരംഭിക്കാൻ കുളത്തൂപ്പുഴയിലെ ലൈവ് സ്റ്റോക്ക് ബോർഡിന്റെ ഭൂമി പരിശോധിച്ചെങ്കിലും അനുയോജ്യമല്ല. തൊട്ടടുത്ത് തന്നെ വിവിധ തരത്തിലുള്ള മൃഗങ്ങളെ പരിപാലിക്കുന്ന ഫാമുകൾ വേണം. ഇത്തരം സൗകര്യങ്ങളുള്ള ഭൂമി കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്. "

കെ. രാജു (വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി)