photo
ആൾ കേരള ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ പ്രവർത്തക സമ്മേളനം കരുനാഗപ്പള്ളിയിൽ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: തൊഴിലാളികൾ വർഷങ്ങളായി നടത്തിയ സമരങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങളും അവകാശങ്ങളും കരിനിയമങ്ങളുടെ മറവിൽ കേന്ദ്ര സർക്കാർ കവർന്നെടുക്കുകയാണെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ആൾ കേരള ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ പ്രവർത്തക സമ്മേളനത്തിന്റെ ഉദ്ഘാടനവും തൊഴിലാളികൾക്കുള്ള തിരിച്ചറിയിൽ കാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രാേഹ നയങ്ങൾക്കെതിരെ ദേശവ്യാപകമായി ജനകീയ സമരങ്ങൾ ഉയർന്ന് വരുകയാണ്. കേന്ദ്ര സർക്കാരിന്റെ കരിനിയമങ്ങൾ മൂലം നഷ്ടപ്പെടുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാഹനങ്ങളിൽ പതിക്കാനുള്ള ലോഗോയുടെ പ്രകാശന കർമ്മം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ജി. ലാലു നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ജെ. ജയകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി കടത്തൂർ മൺസൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, യൂണിയൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആർ. രവി എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി ബി. അംബുദാസ് സ്വാഗതവും ട്രഷറർ അരുൺ കന്നേറ്റി നന്ദിയും പറഞ്ഞു.