കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നവജാത ശിശു മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റകരമായ അനാസ്ഥ കാട്ടിയ ഡോക്ടറുടെ മേൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ശാസ്താംകോട്ട പടിഞ്ഞാറേ കല്ലട സ്വദേശികളായ സാബു - ശ്രീദേവി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്നാരോപിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം നടക്കുകയാണ്. ഇന്നലെ പുള്ളിമാൻ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ടൗൺ ചുറ്രി പൊലീസ് സ്റ്റേഷന് സമീപം എത്തിയപ്പോൾ പൊലീസ് തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ദേശീയപാതയിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടർന്ന് നടത്തിയ പ്രതിഷേധ യോഗം കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽ. രാജൻ അദ്ധ്യക്ഷത വഹിച്ചു. അനു ചോതിവിള, എൻ. ബിജു, എം.എസ്. ശിവപ്രസാദ്, ബാബു അമ്മവീട്, സുഭാഷ് എസ്. കല്ലട, ശ്രീജ, മൈഷൂ മുരളി, അനി യതുകുലം, മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു. കുഞ്ഞിന്റെ മതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്ന എ.സി.പി യുടെ ഉറപ്പിനെ തുടർന്നാണ് പ്രവർത്തകർ സമരത്തിൽ നിന്ന് പിന്മാറിയത്.