c
വിരമിച്ച ഉദ്യോഗസ്ഥൻ ഒഴിയുന്നില്ല; കോഴി ബംഗ്ളാവ് അനാഥം

കൊല്ലം: ഓഫീസ് ക്വാർട്ടേഴ്സ് ഉപയോഗിക്കുന്ന സർക്കാർ ജീവനക്കാർ സ്ഥലം മാറിപ്പോയാലും ഉടൻ ഒഴിയാറില്ലെന്നത് പുതുമയല്ല. എന്നാൽ, വിരമിച്ച് നാലു മാസമായിട്ടും ഓഫീസ് ക്വാർട്ടേഴ്സ് ഉദ്യോഗസ്ഥൻ വിട്ടൊഴിയാത്തതിനാൽ കുരീപ്പുഴ കോഴി ബംഗ്ളാവ് നോക്കാനും കാണാനും ആളില്ലാതെ അനാഥാവസ്ഥയിലായി.

ടർക്കി കോഴികളുടെ പ്രജനനത്തിനും വിപണനത്തിനുമായി മൃഗസംരക്ഷണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഏക സ്ഥാപനമാണ് കോഴിബംഗ്ളാവെന്നറിയപ്പെടുന്ന ടർക്കി ഫാം. അസി. ഡയറക്ടറായി ജൂലായ് 31ന് വിരമിച്ചയാൾ ഫാം വളപ്പിലെ ക്വാർട്ടേഴ്സ് ഒഴിയാതെ അനധികൃതമായി താമസിക്കുന്നതിനെതിരെ ജീവനക്കാർ തന്നെ മൃഗസംരക്ഷണ വകുപ്പ് ഉന്നത അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. തുടർന്ന് ജില്ലാ കളക്ടർക്ക് പരാതി ലഭിച്ചതോടെ അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടു. പുതുതായെത്തിയ അസി. ഡയറക്ടർ വിരമിച്ച ഉദ്യോഗസ്ഥനോട് ക്വാർട്ടേഴ്സ് ഒഴിയണമെന്ന് കാട്ടി നോട്ടീസ് നൽകി. തനിയ്ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും ക്വാർട്ടേഴ്സ് ഒഴിയുന്ന പ്രശ്നമില്ലെന്നും പറഞ്ഞ് എതിർത്തതോടെ ജോലിചെയ്യാനാകാതെ പുതുതായി വന്ന വനിതാ അസി. ഡയറക്ടർ നീണ്ട അവധിയെടുത്തുപോയി. രാത്രി കാവലിനുണ്ടായിരുന്ന അറ്റൻഡറും ലീവെടുത്തു. ടർക്കിഫാമിന്റെ ചുമതല വഹിക്കേണ്ടയാൾ ലീവിൽ പോയതോടെ ഫാമിന്റെ പ്രവർത്തനം അവതാളത്തിലായ സ്ഥിതിയാണ്. ക്വാർട്ടേഴ്സിൽ തന്നെ താമസിച്ച് ഫാമിന്റെ പ്രവർത്തനത്തിന് വിഘാതം വരുത്തുകയാണെന്ന് ടർക്കിഫാമിലെ മറ്റു ജീവനക്കാർ പറയുന്നു. നഗരപരിധിയിൽ സ്വന്തം വീടുണ്ടായിട്ടും ക്വാർട്ടേഴ്സ് ഒഴിയാത്ത റിട്ട. ഉദ്യോഗസ്ഥൻ ഒരുപ്രമുഖ ഇടത് സർവീസ് സംഘടനയുടെ പിന്തുണയോടെയാണത്രെ ജീവനക്കാരെ വിരട്ടി ഇവിടെ കഴിയുന്നത്. വിരമിച്ചാൽ ബന്ധപ്പെട്ട മേലധികാരികളുടെ മുൻകൂട്ടിയുള്ള അനുമതിയോടെ മൂന്ന് മാസംവരെ ക്വാർട്ടേഴ്സിൽ താമസിക്കാമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ ഇദ്ദേഹം ഒരനുമതിയും വാങ്ങാതെ മൂന്ന് മാസം കഴിഞ്ഞിട്ടും അനധികൃതമായാണ് താമസിക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നു.