കൊല്ലം: റോഡരികുകളിലും ജലാശയങ്ങളിലും ഇനി മുടി കുന്നുകൂടില്ല. ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലും മുടി മാലിന്യം ശേഖരിക്കാൻ ഇനി ആളെത്തും. കണ്ണൂർ ആസ്ഥാനമായുള്ള വീരാട് ഓർഗാനിക് സൊലൂഷൻസ് ലിമിറ്റഡ് എന്ന കമ്പനിയാണ് മുടി മാലിന്യം ശേഖരിക്കുന്നത്. ഇതിനായി ഹരിത കർമ്മ സേന വഴി വാർഡ് തലത്തിൽ ബാർബർ ഷോപ്പുകളുടെയും ബ്യൂട്ടി പാർലറുകളുടെയും വിവരശേഖരണം നടത്തിവരികയാണ്.
ബാർബർ ഷോപ്പിലെ ഒരു കസേരക്ക് നൂറ് രൂപയാണ് പ്രതിമാസ ഫീസ്. ഒരു ബാർബർ ഷോപ്പ് പരമാവധി മുന്നൂറ് രൂപ നൽകിയാൽ മതി. ബ്യൂട്ടി പാർലറുകൾക്ക് പ്രതിമാസം മുന്നൂറു രൂപയാണ് യൂസർ ഫീ. ഇതുകൂടാതെ നൂറു രൂപ ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീയായും നൽകണം. മുടി, ബ്ലേഡ് തുടങ്ങിയവ സംഭരിക്കാൻ കമ്പനി പ്രത്യേകം ബാഗുകൾ എല്ലാ ബാർബർ ഷോപ്പുകൾക്കും നൽകും. മാസത്തിൽ രണ്ട് തവണ കമ്പനിയിൽ നിന്ന് മാലിന്യം ശേഖരിക്കാൻ ആളെത്തും.
എ.ഡി.എം പി.ആർ. ഗോപാലകൃഷ്ണൻ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഐസക് എന്നിവരുമായി ബാർബർ ഷോപ്പ് സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ പുതിയ പരിഷ്കാരവുമായി സഹകരിക്കാൻ തീരുമാനിച്ചു. മുടി മാലിന്യം ശേഖരിക്കാൻ എത്തുന്നവർക്ക് കമ്പനിയുടെ തിരിച്ചറിയൽ കാർഡുണ്ടാകും. ബാർബർ ഷോപ്പുകൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണമെന്നും ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ്,ഹെൽത്ത് കാർഡ് എന്നിവ നിർബന്ധമാക്കണമെന്നും എ.ഡി.എം നിർദ്ദേശിച്ചു.