road
ശാസ്താംകോട്ട ഫിൽറ്റർ ഹൗസിന് സമീപമുള്ള റോഡിലെ വെള്ളക്കെട്ടായ കുഴികൾ

ശക്തമായ നടപടി വേണമെന്ന് യാത്രക്കാർ
പടിഞ്ഞാറേ കല്ലട: ചവറ - അടൂർ സംസ്ഥാന പാതയിൽ മിക്ക സ്ഥലങ്ങളിലും വൻ കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് വാഹനാപകടങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നു. ചവറ ടൈറ്റാനിയം ജംഗ്ഷൻ മുതൽ ചേനങ്കര മുക്ക് വരെയും, ആഞ്ഞിലിമൂടിനു സമീപം നെല്ലിക്കുന്നം മുക്ക് മുതൽ ശാസ്താംകോട്ട വരെയുമുള്ള ഭാഗത്താണ് റോഡിൽ വൻ കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടായി മാറിയത്. ഈ ഭാഗങ്ങളിൽ അപകടങ്ങൾ വർദ്ധിച്ചു വരുകയാണെന്ന് യാത്രക്കാർ പറയുന്നു. ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് റോഡിലെ വെള്ളക്കെട്ടിൽ വീണ് അപകടത്തിൽപ്പെടുന്നതിൽ അധികവും. മണ്ഡലകാലം ആയതോടുകൂടി അയ്യപ്പഭക്തരുടെ വാഹനങ്ങളുടെ തിരക്കും വർദ്ധിച്ചിരിക്കുകയാണ്.

ബൈക്ക് യാത്രികർ സൂക്ഷിക്കുക

ഇരുചക്രവാഹന യാത്രക്കാരാണ് റോഡിലെ വെള്ളക്കെട്ടിൽ വീണ് അപകടത്തിൽപ്പെടുന്നതിൽ അധികവും. റോഡിൽ രൂപപ്പെട്ട വലിയ കുഴികളിൽ മഴക്കാലത്ത് വെള്ളം നിറഞ്ഞ് കിടക്കുന്നത് പതിവാണ്. കുഴിയുണ്ടെന്നറിയാതെ ഇരുചക്ര വാഹനങ്ങളിലെത്തുന്നവർ അപകടത്തിൽപ്പെടുന്നത് പതിവ് സംഭവമാണെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ മിക്ക സ്ഥലത്തും വെള്ളം കെട്ടിക്കിടക്കുന്നത് മൂലമാണ് ടാറിംഗ് ഇളകി വീണ്ടും വലിയ കുഴികൾ രൂപപ്പെടുന്നത്.

നാട്ടുകാരുടെ ആവശ്യം

റോഡിലേക്ക് പടർന്നുകിടക്കുന്ന മരക്കൊമ്പിൽ നിന്ന് മഴക്കാലത്ത് വെള്ളം തുടർച്ചയായി താഴേക്ക് വീണ് ടാറിംഗ് ക്രമേണെ ഇളകുന്നതും പതിവാണ്. ഇതാണ് റോഡിന്റെ ദുരവസ്ഥയുടെ പ്രധാന കാരണം. ആവശ്യമില്ലാതെ റോഡിലേക്ക് ചായ്ഞ്ഞ് കിടക്കുന്നതും ഗതാഗത തടസം സൃഷ്ടിക്കുന്നതുമായ മരക്കൊമ്പുകൾ മുറിച്ചു മാറ്റണമെന്നും എത്രയും വേഗം റോഡിലെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ടൈറ്റാനിയം ജംഗ്ഷൻ മുതൽ ചേനങ്കര മുക്ക് വരെയുള്ള റോഡ് ടെൻഡർ നൽകിയിട്ട് ഒരു വർഷം കഴിഞ്ഞു. കോൺട്രാക്ടർ ഇതുവരെ വർക്ക് നടത്താൻ തുടങ്ങിയിട്ടില്ല. നെല്ലിക്കുന്നം മുക്ക് മുതൽ ആഞ്ഞിലിമൂട് വരെയുള്ള ഭാഗവും കാരാളിമുക്ക് ആഞ്ഞിലിമൂട് പതാരം ഭാഗവും കിഫ്ബി പദ്ധതിയിൽപ്പെട്ടതാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ആഞ്ഞിലിമൂട് - ശാസ്താംകോട്ട റോഡിന്റെ ഭാഗത്തിന്റെയും കല്ലുകടവ് മൈനാഗപ്പള്ളി ശാസ്താംകോട്ട റോഡിന്റെയും നവീകരണം നടന്നുവരുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ റോഡിലെ കുഴികൾ അടയ്ക്കാൻ വേണ്ട നടപടി സ്വീകരിക്കും.

എ. എസ്. ശബരി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, റോഡ്സ് വിഭാഗം, കരുനാഗപ്പള്ളി,