bike-clipart

കൊല്ലം: പെട്ടെന്ന് അപ്രത്യക്ഷമാകുന്ന നമ്പർ പ്ലേറ്റുള്ള ബൈക്കുകളുമായി ഫ്രീക്കന്മാർ ട്രാഫിക് പൊലീസിന്റെ പിടിയിലായി.

പരിശോധനയ്ക്കിടയിൽ കുതറി രക്ഷപ്പെട്ടാൽ നമ്പർ കുറിച്ചെടുക്കാൻ പറ്റില്ലെന്നതാണ് പുതിയ തട്ടിപ്പ് വിദ്യയുടെ പ്രത്യേകത. വാഹനത്തിൽ കമ്പനി ഘടിപ്പിച്ച നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷമാണ് പുതിയത് ഘടിപ്പിച്ചിരിക്കുന്നത്.

ഓടിക്കുന്നതിനിടയിൽ നമ്പർ പ്ലേറ്റിൽ തട്ടിയാൽ ആർക്കും കാണാനാകാത്ത വിധം മുകളിലേക്ക് ഉയരും. ചിന്നക്കടയിൽ പിടിയിലായ രണ്ട് പേരും തനി ഫ്രീക്കന്മാർ മാത്രമാണ്. എന്നാൽ മാലറാഞ്ചൽ,​ ബൈക്ക് മോഷണം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നവർ ഈ പുതിയ വിദ്യ പയറ്രുന്നുണ്ടോയെന്ന സംശയമുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം തുടങ്ങി.

ആണ്ടാമുക്കത്തുള്ള വർക്ക് ഷോപ്പിലാണ് പുതിയ നമ്പർ ഘടിപ്പിച്ചതെന്നാണ് പിടിയിലായ യുവാക്കൾ നൽകിയ വിവരം. ഇവിടെ വാണിജ്യ അടിസ്ഥാനത്തിൽ ഇത്തരം നമ്പർ പ്ലേറ്റ് നിർമ്മിച്ച് വൻതോതിൽ ബൈക്കുകളിൽ ഘടിപ്പിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ രണ്ട് യുവാക്കളെയും സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. പുതിയ തട്ടിപ്പ് കണ്ടെത്തിയ പശ്ചാത്തലത്തിൽ ട്രാഫിക് പൊലീസ് ബൈക്കുകൾ കേന്ദ്രീകരിച്ച് കർശന പരിശോധന ആരംഭിച്ചു.