കൊല്ലം: പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ വിവിധ പദ്ധതികളിലൂടെ അടുത്ത സാമ്പത്തിക വർഷം 1000 കോടി രൂപയുടെ വായ്പാ വിതരണമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. കോർപ്പറേഷൻ പുതുതായി ആരംഭിച്ച ഉപജില്ല ഓഫീസിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ വർഷം 600 കോടി രൂപയുടെ വായ്പയാണ് വിതരണം ചെയ്യുന്നത്.
തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള കുടുംബശ്രീ സി.ഡി. എസുകൾക്ക് ഒരു കോടി മുതൽ രണ്ട് കോടിവരെ കേവലം 2.5 ശതമാനം പലിശയിൽ വായ്പ നൽകുന്നുണ്ട്. കൊല്ലം ജില്ലയിൽ മാത്രം 11 സി. ഡി. എസുകൾക്കായി 14 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്.
കരുനാഗപ്പള്ളിയിൽ സാംസ്കാരിക സമുച്ചയം നിർമിക്കുന്നതിന് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് യോഗത്തിൽ അധ്യക്ഷനായിരുന്ന ആർ. രാമചന്ദ്രൻ എം. എൽ. എ പറഞ്ഞു. വിവിധ വായ്പാ പദ്ധതികളിലായി 2.85 കോടി രൂപ ചടങ്ങിൽ വിതരണം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ എം. ശോഭന, കോർപ്പറേഷൻ ചെയർമാൻ ടി. കെ. സുരേഷ്, മാനേജിംഗ് ഡയറക്ടർ കെ. ടി. ബാലഭാസ്കരൻ, ഡയറക്ടർമാരായ എ. പി. ജയൻ, എ. മഹേന്ദ്രൻ, പി. എൻ. സുരേഷ്കുമാർ, ജില്ലാ മാനേജർ ജി. അജിത, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.