c
പി.എസ്.സി യു.പി അസിസ്റ്റന്റ് പരീക്ഷാ തട്ടിപ്പ് കേസിൽ വിചാരണ തുടങ്ങി

കൊല്ലം: കോട്ടയം ജില്ലയിലെ യു.പി.അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ കൊല്ലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിൽ തുടങ്ങി.

കൊല്ലം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘം ശരീരത്തിൽ മൊബൈൽ ഫോൺ ഒളിപ്പിച്ച് പരീക്ഷാ ഹാളിൽ കയറിയ മയ്യനാട് സ്വദേശിനി ഷമീമയ്ക്ക് ഉത്തരങ്ങൾ പറഞ്ഞുകൊടുത്തുവെന്നാണ് കേസ്. വ്യാജ രേഖകൾ ചമച്ച് ഹാൾ ടിക്കറ്റ് സംഘടിപ്പിച്ച സുനിൽദാസ് പരീക്ഷാ ഹാളിൽ കയറിയശേഷം ചോദ്യ പേപ്പർ പുറത്ത് കാത്തുനിന്ന അജിത്തിന് കൈമാറി. അജിത്ത് ചോദ്യ പേപ്പർ തട്ടിപ്പിന്റെ തലവനായ പ്രകാശ് ലാലിന് കൈമാറി. പ്രകാശ് ലാൽ, അനീഷ് ഗോപിനാഥ്, സതീഷ് ബാബു എന്നിവർ കൊട്ടിയത്തെ ബാറിലിരുന്ന് ഉത്തരങ്ങൾ തയ്യാറാക്കി ഷമീമയ്ക്ക് മൊബൈൽ ഫോണിലൂടെ കൈമാറിയെന്നാണ് കേസ്.

കൊല്ലം എ.സി.പിയായിരുന്ന കൃഷ്ണകുമാറാണ് കേസ് അന്വേഷിച്ചത്. കൊല്ലം ക്രൈം ഡിറ്റാച്ച്മെന്റ് എ.സി.പിയായിരുന്ന വി. അജിത്താണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പാരിപ്പള്ളി രവീന്ദ്രൻ, നിത്യ.ആർ.എസ് എന്നിവരാണ് ഹാജരാകുന്നത്.