കൊട്ടിയം: അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, കുടുംബശ്രീ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂടെ കേരളത്തിനുണ്ടായ സാമ്പത്തികമായ ഉയർച്ചയും, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലുണ്ടായ മുന്നേറ്റവും പഠിക്കുന്നതിനായി കിലയുടെ ആഭിമുഖ്യത്തിൽ ബംഗ്ലാദേശ് സംഘം നെടുമ്പന ഗ്രാമ പഞ്ചായത്തിൽ സന്ദർശനം നടത്തി. ധാക്ക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ ഗവ. ഡയറക്ടർ അബ്ദുൽ മാലിക്കിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് സന്ദർശനം നടത്തിയത്.
ഓഫീസ് പ്രവർത്തനം, ഫ്രണ്ട് ഓഫീസ് സംവിധാനം, ഗ്രാമസഭ, അയൽക്കൂട്ടം, ജാഗ്രതാ സമിതി, കാർഷിക കർമ്മസേന, ഹരിത കർമ്മസേന എന്നിവയുടെ പ്രവർത്തനങൾ മനസിലാക്കുകയും ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള ആയുർവേദ ആശുപത്രി, അപ്പാരൽ പാർക്ക്, കേര നഴ്സറി, സ്കൂളുകൾ എന്നിവിടങ്ങൾ സന്ദർശിക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് നാസറുദ്ദീൻ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ എന്നിവരുമായി സംഘാംഗങ്ങൾ ആശയവിനിമയം നടത്തി. ദുരന്തനിവാരണത്തിനായി ബംഗ്ലാദേശിൽ നടപ്പിലാക്കിയിട്ടുള്ള മാതൃകകളും സംഘം വിശദീകരിച്ചു.