ഓച്ചിറ : ദീർഘവീക്ഷണമില്ലാതെ രാജ്യം ഏർപ്പെട്ട അന്തർദേശീയ കരാറുകളിലെ ഉപാധികളാണ് കോടിക്കണക്കിന് കർഷകരുടെ നട്ടെല്ലൊടിച്ചതെന്ന് വനം -മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ രാജു അഭിപ്രായപ്പെട്ടു. വൃശ്ചികോത്സവത്തോട് അനുബന്ധിച്ചു ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ സംഘടിപ്പിച്ച കാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോളവത്കരണം നാടൻ ഉൽപ്പന്നങ്ങൾക്ക് വിപണിയും, വിലയും നഷ്ടപ്പെടുത്തി. റബ്ബർ ഇറക്കുമതി വർദ്ധിച്ചതോടെ സംസ്ഥാനത്തെ പതിനായിരക്കണക്കിന് കർഷകരാണ് മേഖലയിൽ നിന്നും പിന്മാറിയത്. റബർ മേഖലയിലെ തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലായി. പഞ്ചവത്സര പദ്ധതിക്കാലത്ത് കൃഷിക്കായിരുന്നു പ്രഥമ പരിഗണന.പരിമിതമായ കാലത്തിനുള്ളിൽ പാലുൽപ്പാദന മേഖലയിൽ കേരളം സ്വയംപര്യാപ്തത നേടും. ആറു ജില്ലകൾ ഉൾപ്പെട്ട മലബാർ മേഖല സ്വയംപര്യാപ്തത നേടിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കർഷകർക്കായി ഒരു ക്ഷേമബോർഡ് രൂപീകരിക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. രണ്ടായിരം മുതൽ പതിനായിരം രൂപവരെ പെൻഷൻ നൽകുന്നതും സർക്കാർ പരിഗണയിലുണ്ടെന്നുംമന്ത്രി പറഞ്ഞു.
ആലപ്പുഴ ഡി .സി. സി പ്രസിഡന്റ് അഡ്വ. എം. ലിജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രയാർ ഗോപാലകൃഷ്ണപിള്ള, ആർ സോമൻപിള്ള, കെ. ജി. രവി, ഡോക്ടർ എസ്. കലാവതി, എം. എസ്. ഇക്‌ബാൽ, പ്രൊഫ. വി. വാസുദേവൻ, പ്രൊഫ.ശ്രീധരൻപിള്ള കളരിക്കൽ ജയപ്രകാശ്, പി. അരവിന്ദാക്ഷൻ, ലീലാകൃഷ്ണൻ, കെ. പുഷ്പദാസ്, എസ്. എം ഷെരീഫ്, അശോകൻ കുറുങ്ങപ്പള്ളി, ആർ. ഡി പദ്മകുമാർ, എം. ആർ വിമൽഡാനി, എലമ്പടത്ത് രാധാകൃഷ്ണൻ, ജയമോഹനൻ, ജ്യോതികുമാർ എന്നിവർ സംസാരിച്ചു. എസ്. ശശിധരൻപിള്ള സ്വാഗതവും ബൈജു പുലത്തറ നന്ദിയും പറഞ്ഞു