pathanapuram
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മുഹമ്മദ് നസീഫ്

പത്തനാപുരം: കെ.എസ്.ആർ. ടി.സി ബസിൽ നിന്നിറങ്ങവേ കയർ കുരുങ്ങി വിദ്യാർത്ഥിക്ക് പരിക്ക്. പത്തനാപുരം തേവലക്കര പടിഞ്ഞാറെക്കരയിൽ അബ്ബാസിന്റെ മകൻ മുഹമ്മദ് നസീഫിനാണ് (17) പരിക്കേറ്റത്.ഇന്നലെ രാവിലെയായിരുന്നു സംഭവം.കലഞ്ഞൂർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം വർഷ വി. എച്ച്. എസ്. സി വിദ്യാർത്ഥിയാണ് നസീഫ്.

പൂങ്കുളഞ്ഞിയിൽ നിന്നു പത്തനാപുരത്തേക്കു പോവുകയായിരുന്നു ബസ്. പത്തനാപുരം താലൂക്ക് ആശുപത്രി ജംഗ്ഷനിൽ ഇറങ്ങവേ ഡോറിനോട് ചേർന്ന് ബന്ധിച്ചിരുന്ന കയർ കഴുത്തിൽ കുരുങ്ങിയതോടെ നിലത്തു വീഴുകയായിരുന്നു. ബസ് പോവുകയും ചെയ്തു. തലയിടിച്ച് ബോധരഹിതനായ നസീഫിനെ സമീപത്തെ വ്യാപാരികളും യാത്രക്കാരും ചേർന്ന് പത്തനാപുരം താലൂക്കാശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് പരിക്കേറ്റതിനാൽ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.