ശാസ്താംകോട്ട: എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന കേരള സർക്കാർ ആശയം പൂർണമായും നടപ്പാക്കുകയാണ് ശൂരനാട് തെക്ക് പഞ്ചായത്ത്. സമ്പൂർണ മാലിന്യ മുക്ത ഹരിത ഗ്രാമമായി മാറുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പാക്കുന്നത്. സമഗ്ര മാലിന്യ പരിപാലന പദ്ധതികളുടെ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ കഴിഞ്ഞ നവംബർ 15ന് മന്ത്രി ജി. സുധാകരൻ പ്രകാശനം ചെയ്തു. വീടുകളിൽ ഉൽപാദിപ്പിക്കുന്ന ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കാവുന്ന ഉപാധികൾ പഞ്ചായത്തിൽ നിന്ന് സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും. പൊതുസ്ഥലത്തെ ജൈവമാലിന്യ സംസ്‌കരണത്തിനായി സംവിധാനങ്ങൾ വൈകാതെ പ്രവർത്തനം ആരംഭിക്കും.
പഞ്ചായത്തിൽ നടക്കുന്ന ശുചിത്വമാലിന്യപരിപാലന പ്രവർത്തനങ്ങളിൽ സാങ്കേതിക സഹായം നൽകുന്നത് കേരളസർക്കാർ നിയോഗിച്ചിട്ടുളള പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്റർ ആണ്. മാലിന്യപരിപാലനത്തിൽ കേന്ദ്രസർക്കാറിന്റെ സെന്റർ ഒഫ് എക്‌സലൻസ് അവാർഡ് നേടിയ സ്ഥാപനമായ ഐ.ആർ.ടി.സിയുടെ സഹായം അസിസ്റ്റന്റ് കോ ഒാർഡിനേറ്റർ അഞ്ജിത മുഖേന ലഭ്യമാകും. വൈകാതെ തന്നെ മാലിന്യങ്ങൾ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടി ആരംഭിക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. മാറാനൊരുങ്ങുകയാണ് ശൂരനാട് തെക്ക് പഞ്ചായത്ത്.
പ്രവർത്തനത്തിന് ഹരിത കർമ്മ സേനയും
അജൈവമാലിന്യങ്ങൾ വീടുകൾ തോറും ചെന്ന് ശേഖരിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 26 വനിതകൾ അടങ്ങുന്ന ഹരിതകർമ്മസേന പ്രവർത്തിക്കുന്നുണ്ട്. വീടുകളിൽ നിന്ന് വൃത്തിയുളള അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനോടൊപ്പം യൂസർ ഫീ ആയി വീടുകൾക്ക് മുപ്പത് രൂപയും സ്ഥാപനങ്ങൾക്ക് 50രൂപയും ഹരിതകർമ്മസേനയ്ക്ക് നിശ്ചയിച്ചിട്ടുണ്ട്. അതാണ് ഹരിതകർമ്മസേനയുടെ പ്രവർത്തന മൂലധനം.
ഹരിതകർമ്മസേനയിൽ: 26 അംഗങ്ങൾ
വീടുകൾക്ക് യൂസർ ഫീ: 30 രൂപ
സ്ഥാപനങ്ങൾക്ക്: 50 രൂപ
സംസ്കരണ ഉപകരണങ്ങൾക്ക് സബ്സിഡി
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി